മെസി മടങ്ങിയെത്തുന്നു, അര്‍ജന്റീനയുടെ അടുത്ത കളിയില്‍ ടീമിനൊപ്പം ചേരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2019 09:34 AM  |  

Last Updated: 25th January 2019 09:34 AM  |   A+A-   |  

lionel-messi-

റഷ്യന്‍ ലോക കപ്പിലേറ്റ നിരാശയ്ക്ക് ശേഷം മെസി അര്‍ജന്റീനിയന്‍ ടീമിലേക്ക് തിരികെ എത്തുന്നു. വെനസ്വേലയ്‌ക്കെതിരെ മാര്‍ച്ച് 22ന് നടക്കുന്ന സൗഹൃദ മത്സരത്തില്‍ മെസി അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 

ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മെസി ദേശീയ ടീമിലേക്ക് മടങ്ങി എത്തതുന്നത്. ലോക കപ്പില്‍ ഫ്രാന്‍സിനോട് 4-3ന്റെ തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം ക്ലബ് ഫുട്‌ബോളില്‍ മാത്രമായിരുന്നു മെസിയുടെ ശ്രദ്ധ. രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും മെസി വിരമിച്ചേക്കുമോയെന്ന ആശങ്കയും ഉടലെടുത്തിരുന്നു. 

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വാന്‍ഡ മെട്രോപൊളിറ്റാനോയിലാണ് വെനസ്വേലയ്‌ക്കെതിരായ അര്‍ജന്റീനയുടെ മത്സരം നടക്കുന്നത് എന്നതിനാല്‍ താരത്തിന് അധികം യാത്ര ചെയ്യേണ്ടതായി വരില്ലെന്നതും ഇവിടെ ഘടകമാകുന്നുണ്ട്. 2019ല്‍ അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ മെസിയെ എത്തിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും, മെസി ഇക്കാര്യത്തില്‍ സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ലെന്നും അര്‍ജന്റീനിയന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോനി പറഞ്ഞു. 

2005ല്‍ അര്‍ജന്റീനയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചതിന് ശേഷം 128 മത്സരങ്ങള്‍ മെസി ടീമിന്  വേണ്ടി കളിച്ചു. 65 ഗോളുകളും മെസി നേടി. 2014 ലോക കപ്പിലും, 2007, 2015, 2016 കോപ അമേരിക്കയിലും മെസി ടീമിനെ ഫൈനലിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.