ഹാര്‍ദിക്കിനെ ന്യൂസിലന്‍ഡിലേക്ക് വിളിച്ചു, രാഹുലിനെ തിരുവനന്തപുരത്തേക്കും; സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിന് പിന്നാലെ ഇരുവരും ടീമില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2019 05:49 AM  |  

Last Updated: 25th January 2019 05:49 AM  |   A+A-   |  

5c3c72b42600003500fae52e

 

സ്‌പെഷന്‍ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയേയും കെ.എല്‍ രാഹുലിനേയും ടീമിലേക്ക് തിരികെ വിളിച്ച് ബിസിസിഐ. ന്യൂസിലന്‍ഡ് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം എത്രയും പെട്ടെന്ന് ചേരാനാണ് ഹാര്‍ദിക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിലേക്ക് എത്താനാണ് രാഹുലിനോട് നിര്‍ദേശിച്ചിരിക്കുന്നത്. 

കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറി പിഎസ് നരസിംഹയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ബിസിസിഐ വിലക്ക് നീക്കിയത്. അന്വേഷണം വൈകുന്നതിനാലാണ് അദ്ദേഹം വിലക്ക് നീക്കാന്‍ നിര്‍ദേശിച്ചത്. ന്യൂസിലന്‍ഡ് പര്യടനത്തിന് ശേഷം ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലേക്ക് ഇരുവരേയും പരിഗണിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ പെട്ടെന്ന് ടീമിലേക്ക് മടങ്ങിയെത്താനാണ് ബിസിസിഐ നിര്‍ദേശിച്ചത്. 

ഇരുവരുടേയും പരാമര്‍ശം വലിയ വിവാദമായതിന് പിന്നാലെയാണ് നടപടിയുണ്ടായത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാര്‍ദിക് പറഞ്ഞത്. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തിയെന്നായിരുന്നു കെ എല്‍ രാഹുലിന്റെ വെളിപ്പെടുത്തല്‍. ഇരുവരും ക്ഷമാപണം നടത്തിയെങ്കിലും ബിസിസിഐ നടപടിയെടുക്കുകയായിരുന്നു.