അന്ന് ചരിത്രം വഴിമാറിക്കൊടുത്തു; ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം തനിയാവര്‍ത്തനം; ദ്യോക്കോവിച്- നദാല്‍ ക്ലാസിക്ക് ഫൈനല്‍
By സമകാലിക മലയാളം ഡെസ്ക് | Published: 25th January 2019 05:22 PM |
Last Updated: 25th January 2019 05:22 PM | A+A A- |

മെല്‍ബണ്‍: അട്ടിമറികളൊന്നും സംഭവിച്ചില്ല. ഓസ്‌ട്രേലിയന്‍ ഓപണ്‍ പുരുഷ സിംഗിള്‍സില്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് രണ്ടാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാലുമായി ഏറ്റുമുട്ടും.
രണ്ടാം സെമി പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് പോളിയെ അനായാസം മറികടന്നാണ് ദ്യോക്കോവിചിന്റെ ഫൈനല്‍ പ്രവേശം. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ പോളി ഒരു ഘട്ടത്തിലും ദ്യോക്കോയ്ക്ക് പറ്റിയ എതിരാളിയായിരുന്നില്ല. സ്‌കോര്‍: 6-0, 6-2, 6-2.
കരിയറില്‍ ആദ്യമായാണ് പോളി ദ്യോക്കോയുമായി ഏറ്റുമുട്ടുന്നത്. അതിന്റെ അങ്കലാപ്പ് മുഴുവന്‍ താരത്തിന്റെ പ്രകടനത്തില്‍ നിഴലിക്കുകയും ചെയ്തു. മത്സരം ഒരു മണിക്കൂറും 23 മിനുട്ടും കൊണ്ട് അവസാനിപ്പിച്ചാണ് സെര്‍ബിയന്‍ താരം അനായാസം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
Finally.
— #AusOpen (@AustralianOpen) January 25, 2019
The rematch of the longest Grand Slam final in tennis history is here.#AusOpen pic.twitter.com/7VtKTkxGD6
കരിയറിലെ 18ാം ഗ്രാന്‍ഡ് സ്ലാം കിരീടം തേടിയാണ് റാഫേല്‍ നദാല്‍ ഇറങ്ങുന്നത്. ദ്യോക്കോവിച് 15ാം ഗ്രാന്‍ഡ് സ്ലാമാണ് ലക്ഷ്യമിടുന്നത്. ഏഴാം ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടമാണ് ദ്യോക്കോവിച് ലക്ഷ്യമിടുന്നതെങ്കില്‍ കരിയറില്‍ ഒരേ ഒരു തവണയാണ് നദാല്‍ ഇവിടെ കിരീടമുയര്‍ത്തിയത്. 2009ലായിരുന്നു നേട്ടം. നദാല്‍ 25ാം ഗ്രാന്‍ഡ് സ്ലാം ഫൈനലിനും ദ്യോക്കോ 24ാം കലാശപ്പോരിനുമാണ് ഒരുങ്ങുന്നത്.
ഓസ്‌ട്രേലിയന്‍ ഓപണിന്റെ ഫൈനലില്‍ 2012ല്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. അന്ന് വിജയം ദ്യോക്കോയെ കനിഞ്ഞു. ചരിത്രമായ ഒരു ഫൈനല്‍ പോരാട്ടം കൂടിയായിരുന്നു അത്. ആധുനിക ടെന്നീസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ആ ഫൈനല്‍ അവസാനിച്ചത്. ഇരുവരും തമ്മില്‍ അന്ന് അഞ്ച് മണിക്കൂറും 53 മിനുട്ടുമാണ് ഏറ്റുമുട്ടിയത്. അത്തരമൊരു ക്ലാസിക്ക് പോരാട്ടത്തിനാണ് ഇപ്പോള്‍ ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം കളമൊരുങ്ങിയിരിക്കുന്നത്.