ആക്രമിച്ചു തുടങ്ങിയ കേരളം തകര്‍ന്നടിയുന്നു; രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീണു

രഞ്ജി ട്രോഫി സെമി ഫൈനലില്‍ രണ്ടാം ഇന്നിങ്‌സില്‍ ആക്രമിച്ചു കളിച്ചു തുടങ്ങിയ കേരളത്തിന് 50 റണ്‍സ് പിന്നിട്ടതിന് പിന്നാലെ തുടരെ വിക്കറ്റ് നഷ്ടമായി
ആക്രമിച്ചു തുടങ്ങിയ കേരളം തകര്‍ന്നടിയുന്നു; രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീണു

രഞ്ജി ട്രോഫി സെമി ഫൈനലില്‍ രണ്ടാം ഇന്നിങ്‌സില്‍ ആക്രമിച്ചു കളിച്ചു തുടങ്ങിയ കേരളത്തിന് 50 റണ്‍സ് പിന്നിട്ടതിന് പിന്നാലെ തുടരെ വിക്കറ്റ് നഷ്ടമായി. രണ്ടാം ഇന്നിങ്‌സില്‍ സക്‌സേനയേയും, അരുണ്‍ കാര്‍ത്തിക്കിനേയും ഓപ്പണര്‍മാരാക്കി ഇറക്കി കൊണ്ടുവന്ന മാറ്റത്തിലൂടെ തകര്‍ത്തു കളിച്ചാണ് കേരളം തുടങ്ങിയത്.

എന്നാല്‍ പതിനാറാം ഓവറിലേക്ക് കളി എത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് എന്ന നിലയിലാണ് കേരളം. ഇന്നിങ്‌സ് തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാന്‍ കേരളത്തിന് ഇനി 36 റണ്‍സ് കൂടി വേണം. ഏകദിന ശൈലിയില്‍ അരുണ്‍ കാര്‍ത്തിക് ബാറ്റ് വീശിയപ്പോള്‍ 10 ഓവറില്‍ കേരളം 50 പിന്നിട്ടിരുന്നു. എന്നാല്‍ അപ്പോഴേക്കും സക്‌നേസ വീണിരുന്നു. ഏഴ് റണ്‍സ് എടുത്ത് നില്‍ക്കെ ഉമേഷ് യാദവ് സക്‌സേനയെ മടക്കി. എന്നിട്ടും ഒരറ്റത്ത് നിന്നും അരുണ്‍ കാര്‍ത്തിക് റണ്‍സ് കണ്ടെത്തി മുന്നോട്ടു പോയി. വിഷ്ണു വീനോദും അരുണിനൊപ്പം ചേര്‍ന്ന് ആക്രമിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉമേഷ് യാദവ് വീണ്ടും എത്തി. 

15 റണ്‍സ് എടുത്ത് നില്‍ക്കെ ഉമേഷ് വിഷ്ണുവിനെ മടക്കി. പിന്നാലെ കേരളത്തിന്റെ വിക്കറ്റുകള്‍ തുടരെ വീഴുകയായിരുന്നു. 59 റണ്‍സില്‍ നിന്നും ഒരു റണ്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും വിഷ്ണുവും അരുണും, മുഹമ്മദ് അസ്ഹറുദ്ദീനും കൂടാരം കയറി. സ്‌കോര്‍ ബോര്‍ഡില്‍ 65 റണ്‍സ് എത്തിയപ്പോള്‍ സച്ചിന്‍ ബേബി റണ്‍ ഔട്ടായത് കേരളത്തിന് തിരിച്ചടിയായി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ വിനൂപ് മനോഹരനെ വൈ.ആര്‍.താക്കൂര്‍ ഡ്രസിങ് റൂമിലേക്കെത്തിച്ച് കേരളത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com