ഇന്ത്യയുടെ രണ്ടാം വന്‍മതിലിന് ഇന്ന് 31; വിശ്വസ്തന് ആശംസകളുമായി മുന്‍ താരങ്ങളും ആരാധകരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2019 03:03 PM  |  

Last Updated: 25th January 2019 03:03 PM  |   A+A-   |  

pujara


രാജ്‌കോട്ട്: ഇന്ത്യയുടെ രണ്ടാം വന്‍മതില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് ഇന്ന് 31ാം പിറന്നാള്‍. കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന വേളയിലാണ് പൂജാര. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം ടെസ്റ്റ് റാങ്കിങില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഈ ആഹ്ലാദത്തിനൊപ്പമാണ് താരത്തിന്റെ ജന്മ​ദിനവും കടന്നുവരുന്നത്.

ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയെ ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടത്തിലേക്ക് നയിക്കുന്നതില്‍ മുന്നില്‍ നിന്ന താരമാണ് പൂജാര. നാല് ടെസ്റ്റുകളില്‍ നിന്നായി മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും അടക്കം ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി 74.42 ശരാശരിയില്‍ 421 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒപ്പം പരമ്പരയുടെ താരമെന്ന നേട്ടവും സ്വന്തമാക്കി കരിയറിലെ അവിസ്മരണീയ നിമിഷങ്ങളിലൂടെയാണ് താരം കടന്നുപോയത്. 

31ാം വയസിലേക്ക് കടന്ന പൂജാരയ്ക്ക് ആശംസകളുമായി മുന്‍ താരങ്ങളും ട്വിറ്ററില്‍ കുറിപ്പുകളിട്ടു. ആര്‍ അശ്വിന്‍, മുഹമ്മദ് കൈഫ്, വീരേന്ദര്‍ സെവാഗ്, ആകാശ് ചോപ്ര തുടങ്ങിയവരെല്ലാം ഇന്ത്യയുടെ വിശ്വസ്തന് ആശംസകള്‍ നേര്‍ന്നു. 

ക്രീസില്‍ ക്ഷമയുടെ പ്രതിമ നില്‍ക്കുന്നത് പോലെയാണ് പൂജാര പിച്ചില്‍ നില്‍ക്കുമ്പോള്‍ അനുഭവപ്പെടാറുള്ളതെന്ന് ആശംസാ കുറിപ്പില്‍ സെവാഗ് പറഞ്ഞു. കൂടുതല്‍ കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാന്‍ അവസരം ലഭിക്കട്ടേയെന്നും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കട്ടേയെന്നും സെവാഗ് കുറിച്ചു.