ബാറ്റിങ്ങിലും ചെറുതായി വിറപ്പിച്ച് ഉമേഷ് യാദവ്; വിദര്‍ഭ 208ന് പുറത്ത്, ഓപ്പണര്‍മാരെ മാറ്റിയിറക്കി കേരളം

ഒന്നാം ഇന്നിങ്‌സില്‍ 102 റണ്‍സിന്റെ ലീഡാണ് കേരളത്തിന് വഴങ്ങേണ്ടി വന്നത്
ബാറ്റിങ്ങിലും ചെറുതായി വിറപ്പിച്ച് ഉമേഷ് യാദവ്; വിദര്‍ഭ 208ന് പുറത്ത്, ഓപ്പണര്‍മാരെ മാറ്റിയിറക്കി കേരളം

രഞ്ജി ട്രോഫി സെമിയില്‍ പേസര്‍മാരുടെ മികവില്‍ കേരളം തിരിച്ചടിച്ചപ്പോള്‍ വിദര്‍ഭ 208 റണ്‍സിന് ഓള്‍ഔട്ട്. ഒന്നാം ഇന്നിങ്‌സില്‍ 102 റണ്‍സിന്റെ ലീഡാണ് കേരളത്തിന് വഴങ്ങേണ്ടി വന്നത്. രണ്ടാം ഇന്നിങ്‌സില്‍ കരുതലോടെ ബാറ്റ് ചെയ്തില്ലെങ്കില്‍ കളി കേരളത്തിന്റെ കയ്യില്‍ നിന്നും പോകും. 

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 20 റണ്‍സ് എടുത്തിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ ഓപ്പണ്‍ ചെയ്ത അസ്ഹറുദ്ധീനും രാഹുലിനും പകരം സക്‌സേനയും അരുണ്‍ കാര്‍ത്തിക്കുമാണ് കേരളത്തിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. 
അഞ്ച് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബേസിലും രണ്ട് വിക്കറ്റ് വീഴ്ത്തിയ നിഥീഷുമാണ് സെമി ഫൈനലില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ വെപ്പിച്ചത്. വിദര്‍ഭയുടെ ലീഡ് നൂറ് കടക്കില്ലെന്ന് തോന്നിച്ചുവെങ്കിലും, ബൗളിങ്ങില്‍ കേരളത്തെ വിരട്ടിയ ഉമേഷ് യാദവ് ബാറ്റിങ്ങിലും കേരളത്തിന് തലവേദന തീര്‍ത്തു. രണ്ട് സിക്‌സും ഒരു ഫോറും പറത്തി എട്ട് ബോളില്‍ നിന്നും പതിനേഴ്‌സ് റണ്‍സ് നേടിയ ഉമേഷ് വിദര്‍ഭയുടെ ലീഡ് മൂന്നക്കം കടത്തി. 

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ വിദര്‍ഭയെ തന്റെ ആദ്യ ഓവറില്‍ തന്നെ തുടരെ രണ്ട് വിക്കറ്റ് വീഴ്ത്തി ബേസില്‍ വിറപ്പിച്ചു. പിന്നാലെ സന്ദീപ് വാര്യര്‍ വിദര്‍ഭ ഇന്നിങ്‌സിന് തിരശീലയിട്ടു. വിദര്‍ഭ ബാറ്റിങ് നിരയിലെ ആദ്യ നാല് ബാറ്റ്‌സമാന്‍മാര്‍ക്കൊഴികെ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കുവാനുള്ള അവസരം കേരളം നല്‍കിയില്ല. 

സീസണിലെ നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ സന്ദീപ് പൂര്‍ത്തിയാക്കിയത്. സെമിയിലെത്തി നില്‍ക്കുന്ന സീസണിലെ തന്റെ പത്താമത്തെ മത്സരത്തില്‍ നിന്നും ഇതുവരെ സന്ദീപ് 44 വിക്കറ്റായി വീഴ്ത്തുന്നു. കേരളത്തിന് വേണ്ടി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിരിക്കുന്നതും സന്ദീപാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com