മെസിയോ, നെയ്മറോ, സുവാരസോ...? ആരുയർത്തും ഇത്തവണ; കാൽപന്തിന്റെ ആവേശവുമായി വരുന്നു കോപ്പ അമേരിക്ക; ​ഗ്രൂപ്പുകൾ റെഡി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2019 04:05 PM  |  

Last Updated: 25th January 2019 04:10 PM  |   A+A-   |  

lionel-messi-neymar-copa-america-trophy_yp0xglsf2tkl126ggt2z5xr91

 

റിയോ ഡി ജനീറോ: ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ മാസ്മരികതയും വശ്യതയും ആവോളം നുകരാനുള്ള അവസരം ആരാധകർക്കായി ഒരുങ്ങുന്നു. വീണ്ടുമൊരു കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് കടന്നുവരുന്നു. ലോക ഫുട്ബോളിലെ അതികായൻമാരായ ലയണൽ മെസി, നെയ്മർ, ലൂയീസ് സുവാരസ്, എഡിൻസൻ കവാനി, ആർതുറോ വിദാൽ, അലക്സിസ് സാഞ്ചസ്, ജെയിംസ് റോഡ്രി​ഗസ് തുടങ്ങി ഒട്ടനവധി താരങ്ങളുടെ മിന്നും പ്രകടനങ്ങൾ കാണാം. ഒപ്പം തന്നെ വിനിഷ്യസ് ജൂനിയർ, പോളോ ഡിബാല തുടങ്ങിയ യുവ താരങ്ങളുടെ മുന്നേറ്റങ്ങളും ആരാധകരെ കാത്തിരിക്കുന്നു.

ജൂൺ 14 മുതൽ ജൂലൈ ഏഴ് വരെയാണ് ടൂർണമെന്റ്. ഈ വര്‍ഷം ബ്രസീലിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 12 ടീമുകളെ മൂന്ന് ​ഗ്രൂപ്പുകളാക്കി തിരിച്ചുള്ള നറുക്കെടുപ്പ് പൂർത്തിയായി. ലാറ്റിനമേരിക്കയിലെ 10 ടീമുകളായ അർജന്റീന, ബ്രസീൽ, കൊളംബിയ, ചിലി, പെറു, ഉറു​ഗ്വെ, ഇക്വഡോർ, ബൊളീവിയ, വെനസ്വല, പരാ​ഗ്വെ ടീമുകൾക്കൊപ്പം അതിഥികളായി ഏഷ്യയില്‍ നിന്ന് ജപ്പാന്‍, ഖത്തര്‍ എന്നിവരും ടൂര്‍ണമെന്റില്‍ അണിനിരക്കും.

അടുത്ത ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിന്റെ കോപ്പയിലെ അരങ്ങേറ്റം കൂടിയാണിത്. കോപ്പ അമേരിക്ക ടൂർണമെന്റിൽ അതിഥിയായി കളിക്കുന്ന ആദ്യ അറബ് രാജ്യം കൂടിയായി ഖത്തർ മാറി. ജപ്പാൻ ഇത് രണ്ടാം തവണയാണ് അതിഥികളായെത്തുന്നത്. നേരത്തെ 1999ൽ അവർ കളിച്ചിരുന്നു. 

ജൂണ്‍ 14നാണ് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ചാംപ്യന്‍ഷിപ്പായ കോപ്പയ്ക്കു വിസില്‍ മുഴങ്ങുന്നത്. ആതിഥേയരും മുന്‍ ജേതാക്കളുമായ ബ്രസീലും ബൊളീവിയയും തമ്മില്‍ സാവോപോളോയിലാണ് കോപ്പയുടെ ഉദ്ഘാടന മത്സരം. ജൂലൈ ഏഴിന് ബ്രസീലിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിലാണ് ഫൈനല്‍.  

ഗ്രൂപ്പ് എയിലാണ് ബ്രസീല്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ബൊളീവിയ, വെനസ്വല, പെറു എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.  2016ല്‍ അമേരിക്കയില്‍ നടന്ന കോപ്പയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ ബ്രസീല്‍ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. 2014ലെ ലോകകപ്പ് സ്വന്തം നാട്ടിൽ അരങ്ങേറിയപ്പോൾ നാണംകെട്ട തോൽവി ഏറ്റുവാങ്ങി നാട്ടുകാർക്ക് മുന്നിൽ തലതാഴ്ത്തേണ്ടി വന്ന ബ്രസീലിന് ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം സ്വന്തം നാട്ടിലുയർത്തി പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ് മുന്നിലുള്ളത്. ​ഗ്രൂപ്പ് ഘട്ടം അവർക്ക് ഏറെക്കുറെ എളുപ്പമാണ്.

കഴിഞ്ഞ രണ്ട് തവണയും ഫൈനലിലെത്തിയിട്ടും കപ്പുയർത്താൻ സാധിക്കാത്തതിന്റെ ക്ഷീണത്തിലാണ് അർജന്റീന എത്തുന്നത്. ഗ്രൂപ്പ് ബിയിലാണ് ഇത്തവണ അവർ ഉള്‍പ്പെട്ടിരിക്കുന്നത്. ലാറ്റിനമേരിക്കയിലെ മറ്റു മുന്‍നിര ടീമുകളായ കൊളംബിയ, പരാ​ഗ്വെ എന്നിവരും ഇതേ ഗ്രൂപ്പില്‍ തന്നെയാണ്. ഖത്തറാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. കൊളംബിയ, പരാഗ്വേ എന്നിവരില്‍ നിന്ന് അര്‍ജന്റീനയ്ക്കു ശക്തമായ വെല്ലുവിളി തന്നെ നേരിട്ടേക്കും. 2014ലെ ലോകകപ്പ് ഫൈനലും പിന്നീട് 2015, 16 വർഷങ്ങളിൽ കോപ്പ അമേരിക്കയുടേയും ഫൈനലിൽ തോറ്റതിന്റെ നിരാശയിലാണ് അർജന്റീന എത്തുന്നത്. ഇത്തവണയെങ്കിലും ഫൈനൽ ദുരന്തം ഒഴിവാക്കണമെന്ന് ലയണൽ മെസിയോളം ആ​ഗ്രഹം ടീമിൽ മറ്റൊരാൾക്കുമുണ്ടാകാൻ സാധ്യതയില്ല. 

തുടർച്ചയായി രണ്ട് തവണ കിരീടം നേടിയ ചിലി ഹാട്രിക്ക് നേട്ടം സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് ഒരുങ്ങുന്നത്. ഗ്രൂപ്പ് സിയിലാണ് അവർ. ചിലിക്ക് കാര്യം അത്ര എളുപ്പമല്ല പക്ഷേ. വെല്ലുവിളിയുമായി മുന്നിൽ നിൽക്കുന്നത് ഉറു​ഗ്വെയാണ്. ഇക്വഡോര്‍, ജപ്പാന്‍ എന്നിവരും ഈ ​ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പില്‍ ഒന്നാമതെത്താന്‍ ചിലിയും ഉറു​ഗ്വെയും തമ്മിൽ കനത്ത പോരാട്ടമുണ്ടാകും.