വിൻ​ഗാഡ വന്നിട്ടും വിജയമില്ല; എടികെയെ സമനിലയിൽ തളച്ച് ബ്ലാസ്റ്റേഴ്സ്

വിൻ​ഗാഡ വന്നിട്ടും വിജയമില്ല; എടികെയെ സമനിലയിൽ തളച്ച് ബ്ലാസ്റ്റേഴ്സ്

പുതിയ പരിശീലകൻ വന്നു. പക്ഷേ വിജയം മാത്രം ഇത്തവണയും കേരള ​​ബ്ലാസ്റ്റേഴ്സിനെ തുണച്ചില്ല

കൊച്ചി: പുതിയ പരിശീലകൻ വന്നു. ഇം​ഗ്ലീഷ് തന്ത്രങ്ങൾക്ക് മാറ്റം വന്നു. കളിയിൽ കൂടുതൽ ആക്രമണം ഉണ്ടായി. പക്ഷേ വിജയം മാത്രം ഇത്തവണയും കേരള ​​ബ്ലാസ്റ്റേഴ്സിനെ തുണച്ചില്ല. സ്വന്തം തട്ടകത്തിൽ എടികെയെ നേരിടാനിറങ്ങിയ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ച് മുഖം രക്ഷിച്ചു. 

പുതിയ പരിശീലകൻ നെലോ വിൻഗാഡയുടെ കീഴിൽ ഇറങ്ങിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ ആയില്ല. മത്സരം 1-1ന് സമനിലയിൽ പിരിയുകയായിരുന്നു. ലീഗിൽ 13 മത്സരങ്ങൾ കഴിഞ്ഞപ്പോഴും ഒരു ജയം മാത്രമേ കേരളത്തിനുള്ളൂ.

താരതമ്യേന മെച്ചപ്പെട്ട പ്രകടനമായിരുന്നു നെലോ വിൻഗാഡയുടെ കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. പക്ഷെ അത് മതിയായില്ലെന്ന് മാത്രം. ആദ്യ പകുതി മുതൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ കളിയിലെ മാറ്റം പ്രകടമായിരുന്നു. പന്ത് കൈയിൽ വച്ച് കളിച്ചെങ്കിലും ​ഗോൾ കണ്ടെത്തുന്നതിൽ മാത്രം വിജയിച്ചില്ല. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ ആക്രമണങ്ങൾ അഴിച്ചു വിട്ടു. നിരവധി അവസരങ്ങളാണ് കൊമ്പൻമാർ രണ്ടാം പകുതിയിൽ സൃഷ്ടിച്ചത്. പക്ഷെ ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല.

കളിയുടെ ഗതിക്ക് വിപരീതമായി എടികെയാണ് സ്കോർ ചെയ്യുന്നത്. ഒരു ഫ്രീ കിക്കിലൂടെ ആയിരുന്നു എടികെയുടെ ഗോൾ. അരങ്ങേറ്റക്കാരനായ എഡു ഗാർസിയ കേരള മതിലിന്റെ അടിയിലൂടെ ഫ്രീകിക്ക് എടുത്ത് കേരള ഡിഫൻസിനെ കാഴ്ചക്കാരാക്കി ഗോൾ നേടി. 

എന്നാൽ തൊട്ടടുത്ത മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. പൊപ്ലാനികിന്റെ ഒരു ഹെഡ്ഡർ കൊൽക്കത്ത ഡിഫൻഡർ ഗേഴ്സൺ വിയേരയുടെ ദേഹത്ത് തട്ടി വലയിലേക്ക് പതിച്ചു. കേരള ബ്ലാസ്റ്റേഴ്സ് അർഹിച്ച സമനില തന്നെ അതിലൂടെ ലഭിച്ചു. പക്ഷെ അതിനപ്പുറം പൊരുതി വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല. 13 മത്സരങ്ങളിൽ നിന്ന് വെറും 10 പോയന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ലീഗിൽ എട്ടാമതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com