വീണ്ടും വില്ലനായി വിദര്‍ഭ, സെമിയില്‍ ഇന്നിങ്‌സ് തോല്‍വിയുടെ നാണക്കേടുമായി കേരളം വീണു

രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ ആദ്യം ബോളു കൊണ്ടും പിന്നെ ബാറ്റുകൊണ്ടും തകര്‍ത്തടിച്ച് പ്രത്യാക്രമണത്തിന്റെ ഭംഗിയുമായെത്തിയ കേരളത്തിന് പക്ഷേ അധികം നേരം അത് നിലനിര്‍ത്തുവാനായില്ല
വീണ്ടും വില്ലനായി വിദര്‍ഭ, സെമിയില്‍ ഇന്നിങ്‌സ് തോല്‍വിയുടെ നാണക്കേടുമായി കേരളം വീണു

ആ കുതിപ്പ് സെമിയില്‍ അവസാനിച്ചു. ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം തകര്‍ത്തുകളിച്ചെത്തിയ കേരളത്തിന് മുന്നില്‍ വീണ്ടും വില്ലനായി വിദര്‍ഭ. രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഇന്നിങ്‌സിനും 11 റണ്‍സിനും തോല്‍വി വഴങ്ങി കേരളം മടങ്ങുന്നു. 24ാം ഓവറിലെ അഞ്ചാം ബോളില്‍ നിതീഷിന്റെ വിക്കറ്റ് ഉമേഷ് യാദവ് വീഴ്ത്തിയതോടെ രഞ്ജിയിലെ കേരളത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് അവസാനമായി.

രണ്ടിന്നിങ്‌സിലുമായി 12 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് തന്നെയാണ് വാട്ട്‌മോറിന്റെ തന്ത്രങ്ങളെ തകര്‍ത്ത് കേരളത്തെ നിരാശരാക്കിയത്. കഴിഞ്ഞ സീസണില്‍ ആദ്യമായി ക്വാര്‍ട്ടറിലെത്തി, ഈ സീസണില്‍ ആദ്യമായി സെമിയിലെത്തി. വിദര്‍ഭയോട് തോറ്റ് മടങ്ങുകയാണെങ്കിലും ബംഗാളും, ഡല്‍ഹിയും ഉള്‍പ്പെടെ വമ്പന്മാരെ വിറപ്പിച്ചാണ് കേരളം സീസണ്‍ അവസാനിപ്പിക്കുന്നത്. വിദര്‍ഭയ്ക്കാകട്ടെ രണ്ട് ദിവസം തികച്ച് കളിക്കേണ്ടി വന്നില്ല കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍, തുടര്‍ച്ചയായ രണ്ടാം വട്ടം കിരീടം ലക്ഷ്യമിട്ട് ഫൈനലിലേക്ക് കുതിക്കാന്‍. 

രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ ആദ്യം ബോളു കൊണ്ടും പിന്നെ ബാറ്റുകൊണ്ടും തകര്‍ത്തടിച്ച് പ്രത്യാക്രമണത്തിന്റെ ഭംഗിയുമായെത്തിയ കേരളത്തിന് പക്ഷേ അധികം നേരം അത് നിലനിര്‍ത്തുവാനായില്ല. ഓപ്പണര്‍മാരെ മാറ്റിയിറക്കി വാട്ട്‌മോര്‍ മെനഞ്ഞ തന്ത്രം വിജയിക്കുമെന്ന് തോന്നിച്ചിടത്ത് ഉമേഷ് യാദവ് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഏഴ് റണ്‍സ് എടുത്ത് നില്‍ക്കെ സക്‌സേനയെ മടക്കി. ഏകദിന ശൈലിയില്‍ ബാറ്റേന്തി ആക്രമിച്ചു കളിക്കുകയായിരുന്നു മറിവശത്ത് അരുണ്‍ ആ സമയം. 

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് എന്ന നിലയില്‍ നിന്നും ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് എന്ന നിലയിലേക്ക് കേരളം കൂപ്പുകുത്തി. ഈ സമയം സെമിയില്‍ പത്ത് വിക്കറ്റ് നേട്ടം എന്നതും ഉമേഷ് യാദവ് പിന്നിട്ടു. അടിച്ചു കളിച്ച അരുണ്‍ കാര്‍ത്തിക്ക് ഒഴികെ മറ്റൊരു കേരള താരത്തിനും പിടിച്ചു നില്‍ക്കുവാനായില്ല. 33 പന്തില്‍ നിന്നും അഞ്ച് ഫോറിന്റേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെയായിരുന്നു അരുണിന്റെ 36 റണ്‍സ് പ്രകടനം. 

ആദ്യ ദിനത്തിലെ അവസാന മൂന്ന് ഓവറുകളില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയായിരുന്നു കേരളം തിരിച്ചു വരവിന്റെ സൂചന നല്‍കിയത്. രണ്ടാം ദിനം തന്റെ ആദ്യ ഓവറില്‍ തുടരെ രണ്ട് വിക്കറ്റ് വീഴ്ത്തി ബേസില്‍ തുടങ്ങിയത് സന്ദീപ് വാര്യര്‍ അവസാനിപ്പിച്ചപ്പോള്‍ വിദര്‍ഭ 208 റണ്‍സിന് ഓള്‍ ഔട്ടായി. 103 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് മുന്നില്‍ വെച്ച് ആക്രമിച്ചു കളിച്ചു തുടങ്ങിയ കേരളത്തിന്റെ കയ്യില്‍ നിന്നും ഉമേഷ് യാദവും. താക്കൂറും ചേര്‍ന്ന് കളി തട്ടിയകറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com