ആദ്യം യുഎസ് ഓപണിൽ, ഇപ്പോൾ ഓസ്ട്രേലിയയിലും; മെൽബണിൽ രാജകുമാരിയായി ഒസാക; ഇനി ഒന്നാം റാങ്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2019 05:03 PM  |  

Last Updated: 26th January 2019 05:56 PM  |   A+A-   |  

n

 

മെൽബൺ: ഓസ്ട്രേലിയൻ ഓപൺ വനിതാ സിം​ഗിൾസ് കിരീടം ജപ്പാൻ സെൻസേഷൻ നവോമി ഓസാകയ്ക്ക്. ഫൈനൽ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ജപ്പാൻ താരം കന്നി ഓസ്ട്രേലിയൻ ഓപണിൽ മുത്തമിട്ടത്. സ്കോർ: 7-6 (7-2), 5-7, 6-4. കിരീട നേട്ടത്തോടെ താരം വനിതാ സിം​ഗിൾസ് റാങ്കിങിൽ ഇനി ഒന്നാം സ്ഥാനം അലങ്കരിക്കും. 

കരിയറിൽ നേരത്തെ രണ്ട് തവണ വിംബിൾഡൺ നേടിയിട്ടുള്ള ക്വിറ്റോവ കന്നി ഓസ്ട്രേലിയൻ ഓപൺ തന്നെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ജപ്പാൻ താരത്തിന്റെ മികവിന് മുന്നിൽ ക്വിറ്റോവയ്ക്ക് അടിപതറുകയായിരുന്നു. 

കഴിഞ്ഞ തവണ ഇതിഹാസ താരം സെറീന വില്ല്യംസിനെ അട്ടിമറിച്ച് യുഎസ് ഓപൺ നേടിയത് ഭാ​ഗ്യം കൊണ്ടല്ലെന്നും ഓസാക അടിവരയിട്ടു. മത്സരത്തിലുടനീളം ക്വിറ്റോവയുടെ പരിചയ സമ്പത്തിനെ മറികടക്കുന്ന മികച്ച പ്രകടനമാണ് ജപ്പാൻ താരം പുറത്തെടുത്തത്. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടിയ ക്വിറ്റോവ രണ്ടാം സെറ്റ് പിടിച്ചെടുത്ത് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയെങ്കിലും മൂന്നാം സെറ്റിൽ ക്വിറ്റോവയ്ക്ക് അധികം അവസരം നൽകാൻ ഓസാക തയ്യാറാകാതിരുന്നത് മത്സര ഫലം നിർണയിച്ചു. 

യുഎസ് താരം ജെന്നിഫർ കപ്രിയാറ്റിക്കു ശേഷം കന്നി ഗ്രാൻസ്‌ലാം കിരീടം നേടി തൊട്ടടുത്ത ഗ്രാൻസ്‍ലാമിലും കിരീടം ചൂടുന്ന ആദ്യ താരമാണ് ഒസാക. 2001ൽ ഓസ്ട്രേലിയൻ ഓപണിലും ഫ്രഞ്ച് ഓപണിലുമാണ് കപ്രിയാറ്റി കിരീടം ചൂടിയത്. ഹെയ്തിക്കാരനായ ലിയൊനാർഡ് സാൻ ഫ്രാൻസ്വായുടെയും ജപ്പൻകാരി തമാകി ഒസാക്കയുടെയും മകളാണ് 1997 ഒക്ടോബർ 16നു ജനിച്ച നവോമി. സെറീന വില്യംസ് ഉൾപ്പെടെയുള്ള വമ്പൻ താരങ്ങൾക്ക് കാലിടറിയ ആവേശപ്പോരിലാണ് ഇക്കുറി ഒസാകയുടെ കിരീട നേട്ടം.