എങ്ങോട്ടാണ് ധോനിയുടെ പോക്ക്? 350 മുന്നിലുണ്ടായിരുന്നില്ലേ? റായിഡു അടുത്ത കളിയില്‍ ഉണ്ടാവാന്‍ ഇടയില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2019 12:20 PM  |  

Last Updated: 26th January 2019 12:20 PM  |   A+A-   |  

ms-dhoni-raises-bat-afp

2019ല്‍ ധോനി രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുകയാണെന്ന് ന്യൂസിലാന്‍ഡിലേക്കെത്തുമ്പോഴും വ്യക്തം. 2019ലെ ഇന്ത്യയുടെ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 96 പന്തില്‍ നിന്നും 51 റണ്‍സ് നേടിയായിരുന്നു ധോനിയുടെ തുടക്കം. ഈ വര്‍ഷത്തെ തന്റെ നാലാമത്തെ ഇന്നിങ്‌സില്‍ 33 പന്തില്‍ നിന്നും 48 റണ്‍സ് നേടി ധോനി നയം വ്യക്തമാക്കുന്നു. 

ബേ ഓവലില്‍ രണ്ട് റണ്‍സിനാണ് അര്‍ധ ശതകം ധോനിയില്‍ നിന്നും അകന്നു പോയത്.  കഴിഞ്ഞ നാല് ഇന്നിങ്‌സുകളിലെ ധോനിയുടെ സ്‌കോര്‍ ഇങ്ങനെയാണ്, 51(96), 55(54), 87(114), 48(33). നാല് ഇന്നിങ്‌സില്‍ നിന്നും നേടിയത് 241 റണ്‍സ്. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ 145 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ധോനി കളി നിര്‍ത്തിയത്. റായിഡുവുമായി ചേര്‍ന്ന് 35 റണ്‍സിന്റേയും ജാദവുമായി ചേര്‍ന്ന് 53 റണ്‍സിന്റേയും കൂട്ടുകെട്ട് ധോനി തീര്‍ത്തു. 

ബേ ഓവലില്‍ 324 റണ്‍സ് എന്ന ടോട്ടലിലേക്ക് ഇന്ത്യ എത്തിയെങ്കിലും മധ്യ ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വലഞ്ഞത് 350ന് അപ്പുറം സ്‌കോര്‍ കടക്കുന്നത് തടഞ്ഞു. കളി പിന്നിടും തോറും വേഗം കുറയുന്ന പിച്ചാണെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് തന്നെയായിരുന്നു അവിടെ മുന്‍തൂക്കം. 25ാം ഓവറില്‍ 150, 30ാം ഓവറില്‍ 173, 40ാം ഓവറില്‍ 238 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പോക്ക്. 

രണ്ടാം പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 182 എന്ന സ്‌കോര്‍ കണ്ടത്താനായി. അവസാന പത്ത് ഓവറില്‍ 86 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. ഇവിടെ വില്ലനായത് റായിഡുവിന്റെ മെല്ലെപ്പോക്കായിരുന്നു. തുടക്കത്തില്‍ 24 പന്തില്‍ നിന്നും 29 റണ്‍സ് കണ്ടെത്തിയ റായിഡു പക്ഷേ പിന്നെയുള്ള 25 പന്തില്‍ നിന്നും നേടിയത് 18 റണ്‍സാണ്. 41-45 ഓവറുകളിലെ ഈ മെല്ലെപ്പോക്ക് സ്‌കോറിങ്ങിന്റെ വേഗം കുറച്ചു. ഫാസ്റ്റ് ബൗളര്‍മാരെ നേരിടുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ് റായിഡു നേരിടുന്നത്.

ഒടുവില്‍, അവസാന രണ്ട് ഓവറിലെ ധോനിയുടേയും ജാദവിന്റേയും കളിയാണ് സ്‌കോര്‍ മുന്നൂറ് കടത്തിയത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ബോള്‍ സ്വിങ് ചെയ്യിക്കാനാവാതെ വിഷമിക്കുകയായിരുന്നു കീവീസ് ബൗളര്‍മാര്‍. എന്നാല്‍ കട്ടേഴ്‌സുകളിലൂടെ കളി പിടിക്കാമെന്ന് അവര്‍ തിരിച്ചറിഞ്ഞതോടെ മധ്യനിരയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ പലരും കുഴങ്ങി. മധ്യ ഓവറുകളില്‍ സോധി ഇന്ത്യയുടെ റണ്‍ ഒഴുക്കിന് ഇങ്ങനെ തടയിട്ടിരുന്നു.