കല്ല്യാണം കഴിഞ്ഞയുടൻ സെവൻസ് കളിക്കാൻ പോയി; റിദ്‌വാന്റെ ആവേശം കണ്ട് അമ്പരന്ന് കേന്ദ്ര കായിക മന്ത്രി; നേരിൽ കാണണമെന്ന് ആ​ഗ്രഹം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2019 04:49 PM  |  

Last Updated: 26th January 2019 05:52 PM  |   A+A-   |  

ri

 

മലപ്പുറം: കല്ല്യാണം കഴിഞ്ഞ് തൊട്ടുപിന്നാലെ സെവൻസ് ഫുട്ബോൾ കളിക്കാൻ പോയി ശ്രദ്ധ നേടിയ റിദ്‌വാനെ നേരിൽ കാണണമെന്ന ആ​ഗ്രഹവുമായി കേന്ദ്ര കായിക മന്ത്രിയും ഒളിംപ്യനുമായ രാജ്യവർധൻ സിങ് റാത്തോഡ്. കല്ല്യാണ ദിവസം രാത്രി ഭാര്യയോട് അഞ്ച് മിനുട്ട് അനുവാദം ചോദിച്ചാണ് സെവന്‍സ് ഫുട്ബോള്‍ കളിക്കാനായി ഫിഫ മഞ്ചേരിയുടെ താരമായ റിദ്‌വാൻ പോയത്. മത്സരം ഉച്ചക്കായിരുന്നെങ്കില്‍ കല്യാണം മാറ്റിവെച്ച് നിങ്ങള്‍ ഫുട്ബോള്‍ കളിക്കാന്‍ പോകുമോ എന്ന് റിദ്‌വാന്റെ ഭാര്യ കളിയായി ചോദിച്ചിരുന്നു. സംഭവം ദേശീയ തലത്തിൽ മാത്രമല്ല ലോകത്തെ വിവിധ മാധ്യമങ്ങളിലും വാർത്തയായി. 

ഈ വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് റിദ്‌വാനെ നേരില്‍ക്കാണണമെന്ന് അറിയിച്ചത്. ട്വിറ്റർ പോസ്റ്റിലൂടെയാണ് റാത്തോഡ് ആ​ഗ്രഹം പ്രകടിപ്പിച്ചത്. എന്തൊരു ആവേശമാണത് എന്നും അദ്ദേ​ഹം ട്വിറ്ററില്‍ കുറിച്ചു. മന്ത്രിയുടെ ട്വീറ്റിന് താഴെ റിദ്‌വാനെ പരിചപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

വണ്ടൂരില്‍ നടന്ന സെവന്‍സ് ലീഗ് മത്സരത്തില്‍ ഉഷാ തൃശ്ശൂരിനെതിരെ ഫിഫ മഞ്ചേരിക്ക് കല്ല്യാണ ദിവസം മത്സരമുണ്ടായിരുന്നു. ഫിഫ മഞ്ചേരിയുടെ ഡിഫന്‍ഡറാണ് റിദ്‌വാൻ. ഡിഫന്‍സില്‍ റിദ്‌വാന്റെ സേവനം നിര്‍ണായകമായിരുന്നു. അതുകൊണ്ടാണ് താരം വിവാഹത്തിന്റെ സത്കാര സമയത്ത് ഭാര്യയോട് അനുവാദം ചോദിച്ച് ഫുട്ബോള്‍ കളിക്കാന്‍ പോയത്. മത്സരം ഫിഫ മഞ്ചേരി ജയിച്ചു കയറിയപ്പോള്‍ വിശ്വസ്തനായ കാവല്‍ക്കാരനായി റിദ്‌വാനുമുണ്ടായിരുന്നു.