ചെയ്‌സ് ചെയ്ത് ന്യൂസിലാന്‍ഡ് വിയര്‍ക്കുന്നു, മൂന്ന് വിക്കറ്റ് വീണു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2019 12:54 PM  |  

Last Updated: 26th January 2019 12:54 PM  |   A+A-   |  

william

324 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് 3 വിക്കറ്റ് നഷ്ടമായി. 14 ഓവര്‍ പിന്നിടുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. 214 ബോളില്‍ നിന്നും അവര്‍ക്കിനി ജയിക്കാന്‍ 241 റണ്‍സ് വേണം. 

നാലമത്തെ ഓവറിലെ അവസാന പന്തില്‍ ഗുപ്തിലിനെ മടക്കി ഭുവിയാണ് തുടങ്ങിയത്. ബേ ഓവല്‍ ഗുപ്തിലിന്റെ പ്രിയപ്പെട്ട ഗ്രൗണ്ടായിരുന്നു. രണ്ട് സെഞ്ചുറി നേടി ബേ ഓവലിലെ ടോപ് സ്‌കോററായ ഗുപ്തിലിനെ 15 റണ്‍സ് എടുത്ത് നില്‍ക്കെ ഭുവനേശ്വര്‍ കുമാര്‍ ചഹലിന്റെ കൈകളിലേക്ക് എത്തിച്ചു. ഗുപ്തിലിന്റെ റാംപ് ഷോട്ട് തേര്‍ഡ്മാനില്‍ നിന്നും ചഹല്‍ കൈകളിലാക്കി. 

കീവീസ് സ്‌കോര്‍ ബോര്‍ഡ് 51 റണ്‍സില്‍ നില്‍ക്കെ ഷമി നായകന്‍ വില്യംസിനേയും മടക്കി. എട്ടാം ഓവറിലെ ആദ്യ രണ്ട് ബോളില്‍ സിക്‌സും പിന്നാലെ ഫോറും പറത്തിയ വില്യംസന്റെ കുറ്റി ഓവറിലെ അഞ്ചാം ബോളില്‍ ഷമി ഇളക്കി. നേപ്പിയര്‍ ഏകദിനത്തില്‍ ന്യൂസീലാന്‍ഡിന് വേണ്ടി ആകെ പൊരുതിയത് വില്യംസനായിരുന്നു. എന്നാല്‍ ബേ ഓവലില്‍ ചെയ്‌സിങ്ങില്‍ നായകന്റെ ഇന്നിങ്‌സ് പുറത്തെടുക്കാന്‍ വില്യംസനെ ഇന്ത്യ അനുവദിച്ചില്ല. 

രണ്ട് ഓവര്‍ എറിഞ്ഞ വിജയ് ശങ്കറിനെയാണ് കീവീസ് ബറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ ആക്രമിച്ചത്. രണ്ട് ഓവറില്‍ നിന്നും 17 റണ്‍സാണ് വിജയ് ശങ്കര്‍ വിട്ടുകൊടുത്തത്. ചഹലിനേയും കുല്‍ദീപിനേയും കീവീസ് ബാറ്റ്‌സ്മാന്‍മാര്‍ നേരിടുന്നതിന് അനുസരിച്ചിരിക്കും ചെയ്‌സിങ്ങിലെ അവരുടെ പോക്ക്. മണ്‍റോയിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ചഹല്‍ തുടങ്ങിയിരിക്കുന്നത് തന്നെ. 31 റണ്‍സ് എടുത്ത് നിലയുറപ്പിച്ച് നിന്ന് വരവെയാണ് മണ്‍റോയെ മടക്കി ചഹല്‍ കൃത്യ സമയത്ത് ഇന്ത്യയ്ക്ക് ഇടവേള നല്‍കിയത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത്തിന്റേയും ധവാന്റേയും ഓപ്പണിങ് കൂട്ടുകെട്ടിന്റെ ബലത്തില്‍ മികച്ച സ്‌കോര്‍ കണ്ടെത്തി. കോഹ് ലിയും റായിഡുവും ചേര്‍ന്ന് വിക്കറ്റ് കളയാതെ മുന്നോട്ടു കൊണ്ടുപോയെങ്കിലും അവസാന രണ്ട് ഓവറിലെ ധോനിയുടേയും ജാദവിന്റേയും ബാറ്റിങ്ങാണ് സ്‌കോര്‍ ബോര്‍ഡ് 300 കടത്തിയത്. ഒരുവേള 350ന് അപ്പുറം ഇന്ത്യ പോകുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ മൂന്നാം പവര്‍പ്ലേ വേണ്ടത് പോലെ ഉപയോഗിക്കാന്‍ ഇന്ത്യയ്ക്കായില്ല.