'അതെന്റെ കോച്ചാണ്, അതെന്റെ ബഡ്ഡിയുമാണ്'- പോരിന് മുന്‍പൊരു നേരംപോക്കുമായി ദ്യോക്കോവിചും പരിശീലകനും

ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിചും അദ്ദേഹത്തിന്റെ പരിശീലകന്‍ മരിയന്‍ വാജ്ദയും തമ്മിലുള്ള ഹൃദയ ബന്ധത്തെക്കുറിച്ചായിരുന്നു ഈ നിരീക്ഷണം
'അതെന്റെ കോച്ചാണ്, അതെന്റെ ബഡ്ഡിയുമാണ്'- പോരിന് മുന്‍പൊരു നേരംപോക്കുമായി ദ്യോക്കോവിചും പരിശീലകനും

ഴ് തവണ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ടെന്നീസ് താരം മാറ്റ്‌സ് വിലന്‍ഡര്‍ ഒരു ഇന്റര്‍വ്യൂവില്‍ ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തിയിരുന്നു. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിചും അദ്ദേഹത്തിന്റെ പരിശീലകന്‍ മരിയന്‍ വാജ്ദയും തമ്മിലുള്ള ഹൃദയ ബന്ധത്തെക്കുറിച്ചായിരുന്നു ഈ നിരീക്ഷണം. വാജ്ദ ദ്യോക്കോയുടെ കോച്ച് മാത്രമല്ല, സുഹൃത്തും സഹോദരനും പിതൃ സ്ഥാനീയനുമൊക്കെയാണ്. ദ്യോക്കോവിചിന്റെ ടെന്നീസ് ജിവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി വാജ്ദയാണെന്ന് വിലന്‍ഡര്‍ പറയുന്നു. 

2006ലാണ് ദ്യോക്കോവിചിന്റെ പരിശീലകനായി വാജ്ദ എത്തുന്നത്. 2017 വരെ ദ്യോക്കോക്കൊപ്പം വാജ്ദ നിന്നു. 11 വര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു. ഈ 11 വര്‍ഷത്തിനിടെയാണ് ദ്യോക്കോവിച് 14 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയത്. വാജ്ദ പോയതോടെ ദ്യക്കോ നിറം മങ്ങുകയും ചെയ്തു. ഈ കാലത്താണ് ദ്യോക്കോവിച് തന്റെ കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോയതും. 

പിന്നീട് ഏതാണ്ട് ഒന്നര കൊല്ലത്തിന് ശേഷം അദ്ദേഹത്തെ വീണ്ടും ദ്യോക്കോ തന്റെ കോച്ചായി എത്തിച്ചു. 2018ല്‍ അദ്ദേഹം തിരിച്ചെത്തിയതിന് പിന്നാലെ വിംബിള്‍ഡണും യുഎസ് ഓപണും നേടി ദ്യോക്കോവിച് തന്റെ മികവിലേക്ക് തിരിച്ചെത്തി. പിന്നാലെ ഒന്നാം റാങ്കും. 

നാളെ ഓസ്‌ട്രേലിയന്‍ ഓപണിന്റെ ഫൈനലില്‍ ദ്യോക്കോവിച് ലോക രണ്ടാം നമ്പര്‍ താരമായ സ്‌പെയിനിന്റെ റാഫേല്‍ നദാലുമായി ഏറ്റുമുട്ടാനൊരുങ്ങുകയാണ്. 2012ല്‍ ഇരുവരും ഓസ്‌ട്രേലിയന്‍ ഓപണിന്റെ ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ അതൊരു ചരിത്രം തിരുത്തിയ മത്സരമായി മാറിയിരുന്നു. ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ എന്ന റെക്കോര്‍ഡാണ് അന്ന് പിറന്നത്. ഏതാണ്ട് ആറ് മണിക്കൂര്‍ നീണ്ട പോരില്‍ നദാലിനെ വീഴ്ത്തി ദ്യോക്കോ കിരീടമുയര്‍ത്തി. 

ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു ദ്യോക്കോവിച്- നദാല്‍ പോരിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഏഴാം ഓസ്‌ട്രേലിയന്‍ ഓപണ്‍ ഫൈനലിനാണ് ദ്യോക്കോവിച് ഇറങ്ങുന്നത്. ആറ് തവണയാണ് സെര്‍ബിയന്‍ താരം ഇവിടെ കിരീടമുയര്‍ത്തിയിട്ടുള്ളത്. ഇന്നുവരെ ഓസ്‌ട്രേലിയന്‍ ഓപണിന്റെ ഫൈനല്‍ ദ്യോക്കോവിച് തോറ്റിട്ടുമില്ല. 

കടുത്ത പോരാട്ടത്തിനായി നാളെ ഇറങ്ങാനിരിക്കെ മത്സരത്തിന്റെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ ദ്യോക്കോവിച് ബീച്ചില്‍ സമയം ചെലവഴിക്കുകയാണ്. പരിശീലകന്‍ വാജ്ദയ്‌ക്കൊപ്പം കടല്‍ത്തീരത്ത് സമയം ചെലവഴിക്കുന്നതിന്റെ ചെറിയൊരു വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയില്‍ നിന്ന് മനസിലാക്കാം ദ്യോക്കോയും കോച്ചും തമ്മിലുള്ള ഹൃദയ ബന്ധം എന്താണെന്ന്. 

കരയില്‍ നിന്ന് ഓടി കടലിലേക്ക് നീന്താനിറങ്ങുന്ന കോച്ചിനെയാണ് സെല്‍ഫി വീഡിയോയിലൂടെ ദ്യോക്കോ പകര്‍ത്തിയിരിക്കുന്നത്. നീന്താനൊരുങ്ങുകയാണെന്ന് കോച്ച് പറയുമ്പോള്‍ ദ്യോക്കോവിച് പ്രോത്സാഹിപ്പിക്കുന്നതും കേള്‍ക്കാം വീഡിയോയില്‍. പരിശീലകന്‍ ഓടുമ്പോള്‍ ഇടയ്ക്ക് കാല്‍ തെറ്റി വീഴുന്നു. വീണ്ടും എഴുന്നേറ്റ് ഓടുമ്പോള്‍ ക്ലാസിക്ക് എന്നാണ് ദ്യോക്കോവിച് വിശേഷിപ്പിക്കുന്നത്. അതെന്റെ കോച്ചാണ്, അതെന്റെ സുഹൃത്താണ് എന്നും ദ്യോക്കോ പറയുന്നു. ഏതായാലും വീഡിയോ ആരാധകരും ഇപ്പോള്‍ ഏറ്റെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com