പിടിവള്ളിയില്ലാതെ കീവീസ് വീഴുന്നു, ബേ ഓവലില്‍ ഇന്ത്യയ്ക്ക് 90 റണ്‍സിന്റെ ജയം

324 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കീവീസിനെ ഇന്ത്യ 234 റണ്‍സിന് ഓള്‍ ഔട്ടാക്കി
പിടിവള്ളിയില്ലാതെ കീവീസ് വീഴുന്നു, ബേ ഓവലില്‍ ഇന്ത്യയ്ക്ക് 90 റണ്‍സിന്റെ ജയം

ബേ ഓവലിലും ന്യൂസിലാന്‍ഡിന് രക്ഷയില്ല. രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ആധികാരിക ജയം. 324 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കീവീസിനെ ഇന്ത്യ 234 റണ്‍സിന് ഓള്‍ ഔട്ടാക്കി. 90 റണ്‍സിന് ജയം പിടിച്ച് ഇന്ത്യ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ 2-0ന് ആധിപത്യം ഉറപ്പിച്ചു. 

വിജയ് ശങ്കര്‍ ഒഴികെ, കുല്‍ദീപ് യാദവിന്റെ നേതൃത്വത്തില്‍  ഇന്ത്യന്‍ ബൗളര്‍മാരെല്ലാം മികച്ച് നിന്നതോടെ കീവീസിന് വിജയലക്ഷ്യത്തിന് അടുത്തെത്തുവാനായില്ല. കുല്‍ദീപ് നാലും, ഭുവിയും ചഹലും രണ്ട് വിക്കറ്റും, ഷമിയും ജാദവും ഒരു വിക്കറ്റ് വീതവും വീഴ്ത്തി. 40 ഓവറില്‍ അങ്ങിനെ കീവീസ് ഇന്നിങ്‌സിന് അവസാനമായി. 

ഒന്‍പതാം വിക്കറ്റില്‍ ഫെര്‍ഗൂസനും ബ്രാസ്വെല്ലും ചേര്‍ന്ന് തീര്‍ത്ത 58 റണ്‍സ് കൂട്ടുകെട്ടായിരുന്നു കീവീസ് ഇന്നിങ്‌സിലെ ഹൈലൈറ്റ്. സമ്മര്‍ദ്ദത്തില്‍ നിന്നും ബ്രാസ്വെല്‍ ഫെര്‍ഗൂസനെ ഒരറ്റത്ത് നിര്‍ത്തി അടിച്ചു കളിച്ചു. എന്നാല്‍ ഭുവിയുടെ കയ്യില്‍ പന്തേല്‍പ്പിച്ച് കോഹ് ലി ബ്രാസ്വെല്ലിന്റെ ചെറുത്ത് നില്‍പ്പും അവസാനിപ്പിച്ചതോടെ ഇന്ത്യ ജയം തൊട്ടു.

നാല് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയില്‍ സമ്മര്‍ദ്ദത്തിലായ ന്യൂസിലാന്‍ഡിനെ കരകയറ്റാന്‍ പിന്നീടെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നുമായില്ല. ലാതമിനേയും നികോളാസിനേയും ഗ്രാന്‍ഡ്‌ഹോമിനേയും സോധിയേയും മടക്കിയ കുല്‍ദീപ് കളിയിലേക്ക് തിരിച്ചു വരുവാനുള്ള എല്ലാ സാധ്യതകളും കീവീസിന്റെ പക്കല്‍ നിന്നും തട്ടിയകറ്റി. 

എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ ഫെര്‍ഗൂസനും ബ്രേസ്വെല്ലും ചേര്‍ത്ത് നടത്തുന്ന ചെറുത്തുനില്‍പ്പ്‌ നില്‍പ്പ് ഇന്ത്യയുടെ ജയം വൈകിച്ചു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 എന്ന നിലയില്‍ നിന്നും 218 എന്ന സ്‌കോറിലേക്ക് വിക്കറ്റ് കളയാതെ എത്തിക്കാന്‍ ബ്രേസ്വെല്ലിനായി. ഫെര്‍ഗൂസനെ അറ്റത്ത് നിര്‍ത്തി ബ്രേസ്വെല്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. 38 ഓവര്‍ കളി പിന്നിട്ടപ്പോള്‍ കീവീസ് സ്‌കോര്‍ 218ലേക്കെത്തിക്കാനും ബ്രേസ്വെല്ലിനായി.

ചെയ്‌സ് ചെയ്തിറങ്ങിയപ്പോള്‍ നാലമത്തെ ഓവറിലെ അവസാന പന്തില്‍ ഗുപ്തിലിനെ മടക്കി ഭുവിയാണ് തുടങ്ങിയത്. ബേ ഓവല്‍ ഗുപ്തിലിന്റെ പ്രിയപ്പെട്ട ഗ്രൗണ്ടായിരുന്നു. രണ്ട് സെഞ്ചുറി നേടി ബേ ഓവലിലെ ടോപ് സ്‌കോററായ ഗുപ്തിലിനെ 15 റണ്‍സ് എടുത്ത് നില്‍ക്കെ ഭുവനേശ്വര്‍ കുമാര്‍ ചഹലിന്റെ കൈകളിലേക്ക് എത്തിച്ചു. ഗുപ്തിലിന്റെ റാംപ് ഷോട്ട് തേര്‍ഡ്മാനില്‍ നിന്നും ചഹല്‍ കൈകളിലാക്കി. 

കീവീസ് സ്‌കോര്‍ ബോര്‍ഡ് 51 റണ്‍സില്‍ നില്‍ക്കെ ഷമി നായകന്‍ വില്യംസിനേയും മടക്കി. എട്ടാം ഓവറിലെ ആദ്യ രണ്ട് ബോളില്‍ സിക്‌സും പിന്നാലെ ഫോറും പറത്തിയ വില്യംസന്റെ കുറ്റി ഓവറിലെ അഞ്ചാം ബോളില്‍ ഷമി ഇളക്കി. നേപ്പിയര്‍ ഏകദിനത്തില്‍ ന്യൂസീലാന്‍ഡിന് വേണ്ടി ആകെ പൊരുതിയത് വില്യംസനായിരുന്നു. എന്നാല്‍ ബേ ഓവലില്‍ ചെയ്‌സിങ്ങില്‍ നായകന്റെ ഇന്നിങ്‌സ് പുറത്തെടുക്കാന്‍ വില്യംസനെ ഇന്ത്യ അനുവദിച്ചില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com