ബേ ഓവലില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം, വെടിക്കെട്ടിന് തുടക്കമിട്ട് രോഹിത് ശര്‍മ

15ാം ഓവറില്‍ ലാതമിന്റെ സ്റ്റംപിങ്ങില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെത്തിയായിരുന്നു രോഹിത് അര്‍ധ ശതകം പിന്നിട്ടത്
ബേ ഓവലില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം, വെടിക്കെട്ടിന് തുടക്കമിട്ട് രോഹിത് ശര്‍മ

ബേ ഓവല്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം.  കരുതലോടെ കളിച്ചു തുടങ്ങിയ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും, രോഹിത് ശര്‍മയും പോകപോകെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി 18 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടത്തി. 

ഇന്ത്യന്‍ സ്‌കോര്‍ മൂന്നക്കം കടത്തിയായിരുന്നു രോഹിത് തന്റെ അര്‍ധ ശതകവും പൂര്‍ത്തിയാക്കിയത്. 62 ബോളില്‍ നിന്നും ആറ് ഫോറും രണ്ട് സിക്‌സും പറത്തിയാണ് രോഹിത് അര്‍ധ ശതകം പിന്നിട്ടത്. രോഹിത്തിന്റെ 38ാം അര്‍ധ സെഞ്ചുറിയാണ് അത്. 

15ാം ഓവറില്‍ ലാതമിന്റെ സ്റ്റംപിങ്ങില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെത്തിയായിരുന്നു രോഹിത് അര്‍ധ ശതകം പിന്നിട്ടത്. ലെഡ് സൈഡ് ഡെലിവറിയില്‍ കണക്ട് ചെയ്യാന്‍ രോഹിത്തിനായില്ല. രോഹിത്തിന്റെ ബാലന്‍സ് പോകുന്ന സമയം ലാതം സ്റ്റംപ് ചെയ്തു. എന്നാല്‍ രോഹിത് ക്രീസിനകത്താണെന്ന് റിപ്ലേകളില്‍ വ്യക്തമായി. 

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിന് ഇറങ്ങുവാനുള്ള നായകന്‍ കോഹ് ലിയുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചായിരുന്നു ഓപ്പണര്‍മാരുടെ കളി. ബാറ്റ്‌സ്മാന്മാര്‍ക്ക് അനുകൂലമാണ് ബേ ഓവലിലെ പിച്ച്. ലങ്കയ്‌ക്കെതിരെ ഇവിടെ തുടരെ നടന്ന രണ്ട് ഏകദിനങ്ങളിലും ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 300 കടന്നിരുന്നു. 

രണ്ടാമത് ബാറ്റ് ചെയ്ത ടീം വിജയ ലക്ഷ്യത്തോട് അടുക്കുന്നതും ബേ ഓവലില്‍ ലങ്കന്‍ പര്യടനത്തില്‍ കണ്ടു. ആ ട്രെന്‍ഡ് തുടരുമെന്ന സൂചനയാണ് ഇന്ത്യ-കീവീസ് രണ്ടാം ഏകദിനത്തിലും കാണുന്നത്. എന്നാല്‍ ചഹലിനേയും, കുല്‍ദീപിനേയും കീവീസ് താരങ്ങള്‍ എങ്ങിനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും ഫലം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com