ലോക റെക്കോർഡിട്ട് നേപ്പാളിന്റെ 16കാരൻ; മറികടന്നത് സാക്ഷാൽ സച്ചിനേയും അഫ്രീദിയേയും

20 വർഷത്തോളമായി തിരുത്തപ്പെടാതെ നിൽക്കുന്ന ഒരു ലോക റെക്കോർഡ് തിരുത്തി രോഹിത് പൗഡല്‍ എന്ന 16കാരനാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയത്
ലോക റെക്കോർഡിട്ട് നേപ്പാളിന്റെ 16കാരൻ; മറികടന്നത് സാക്ഷാൽ സച്ചിനേയും അഫ്രീദിയേയും

ദുബായ്: ലോക ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി നേപ്പാൾ ക്രിക്കറ്റിലെ കൗമാര താരം. 20 വർഷത്തോളമായി തിരുത്തപ്പെടാതെ നിൽക്കുന്ന ഒരു ലോക റെക്കോർഡ് തിരുത്തി രോഹിത് പൗഡല്‍ എന്ന 16കാരനാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയത്. ഏകദിന ക്രിക്കറ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് രോഹിത് തന്റെ പേരിലേക്ക് മാറ്റിയത്. 1999ൽ പാക്കിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദി നെയ്‌റോബിയില്‍ ശ്രീലങ്കയ്‌ക്കെതിരേ നേടിയ റെക്കോര്‍ഡാണ് വഴിമാറിയത്. നേരത്തെ ഈ റെക്കോർഡ് ഇന്ത്യൻ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്നു. 16 വയസും 213 ദിവസവും ഉള്ളപ്പോഴാണ് സച്ചിൻ ആദ്യ അര്‍ധ സെഞ്ച്വറി ഏകദിനത്തില്‍ നേടുന്നത്.

യുഎഇയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 58 പന്തില്‍ 55 റണ്‍സ് നേടിയാണ് താരം റെക്കോർഡ് സ്വന്തമാക്കിയത്. 16 വയസും 146 ദിവസവുമാണ് രോഹിതിന്റെ പ്രായം. 

ആദ്യ ഏകദിനം മൂന്ന് വിക്കറ്റിന് തോറ്റ നേപ്പാള്‍ രണ്ടാം മത്സരത്തില്‍ 145 റണ്‍സിനാണ് ജയിച്ചത്. രോഹിതിനെ കൂടാതെ 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സോംപാല്‍ കാമിയും നേപ്പാള്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഒന്‍പതു വിക്കറ്റിന് 242 റണ്‍സെടുത്ത നേപ്പാളിനെതിരേ യുഎഇ വെറും 97 റണ്‍സിന് പുറത്തായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com