ഇന്ത്യന്‍ താരങ്ങളെ ഭീകരരാക്കി കീവീസ് പൊലീസ്; ന്യൂസിലാന്‍ഡ് ജനതയ്ക്ക് മുന്നറിയിപ്പും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2019 12:18 PM  |  

Last Updated: 27th January 2019 12:18 PM  |   A+A-   |  

kiwisdd

തങ്ങളുടെ ഏറ്റവും മികച്ച പ്ലേയിങ് ഇലവനെ ഇറക്കിയിട്ടും ആദ്യ രണ്ട് ഏകദിനത്തിലും ന്യൂസിലാന്‍ഡിന് രക്ഷയുണ്ടായില്ല. നേപ്പിയറിന് പിന്നാലെ ബേ ഓവലിലും ആതിഥേയര്‍ക്ക് ഇന്ത്യ ഒരു സാധ്യതയും അനുവദിച്ചില്ല. രണ്ടാം ഏകദിനത്തിന് പിന്നാലെ ന്യൂസിലാന്‍ഡ് പൊലീസ് കീവീസുകാര്‍ക്ക് നല്‍കിയ മുന്നറിയിപ്പാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. 

നിലവില്‍ രാജ്യത്ത് സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംഘം നടത്തിക്കൊണ്ടിരിക്കുന്ന സാഹസ കൃത്യങ്ങളെ തുടര്‍ന്ന് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. നേപ്പിയറിലും, ബേ ഓവലിലും നിഷ്‌കളങ്കരായ കീവീസുകാരെ ഈ സംഘം നിഷ്ടൂരമായി ആക്രമിച്ചു. നിങ്ങള്‍ ബാറ്റ്, ബോള്‍ പോലെ എന്തെങ്കിലും കയ്യില്‍ കരുതിയിട്ടുണ്ട് എങ്കില്‍ സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്, ഇങ്ങനെയാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് വധത്തെ ന്യൂസിലാന്‍ഡിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്‌സ് പൊലീസ് ട്രോളുന്നത്. 

അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ 2-0ന് ഇന്ത്യ മുന്നിലെത്തി കഴിഞ്ഞു. കുല്‍ദീപും ചഹലും തീര്‍ക്കുന്ന പ്രതിസന്ധിയെ അതിജീവിക്കുന്നതില്‍ കീവീസ് ബാറ്റ്‌സ്മാന്‍മാരെല്ലാം ആദ്യ രണ്ട് ഏകദിനത്തിലും പരാജയപ്പെട്ടു. ബേ ഓവലില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി അഞ്ച് മുന്‍ നിര ബാറ്റ്‌സ്മാന്‍മാരും സ്‌കോര്‍ 40 കടത്തി ബാറ്റിങ്ങിന്റെ ശക്തിയും പുറത്തെടുത്തു.