ഒന്നാം സ്ഥാനം നിലനിർത്തി കോഹ്‌ലി; ഇരട്ട സെഞ്ച്വറിയിലൂടെ ലോട്ടറിയടിച്ച് ഹോൾഡർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2019 06:25 PM  |  

Last Updated: 27th January 2019 06:25 PM  |   A+A-   |  

586430-jason-holder-virat-kohli-windies-twitter

 

ദുബായ്: ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങിൽ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിർത്തി. ടീമുകളുടെ വിഭാ​ഗത്തിൽ ഇന്ത്യയും ഒന്നാം സ്ഥാനത്ത് തുടരുന്നു. 116 പോയിന്റോടെയാണ് ഇന്ത്യ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്. 110 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് പിന്നിലുണ്ട്.

ഏറ്റവും പുതിയ റാങ്കിങിൽ നേട്ടമുണ്ടാക്കിയത് വെസ്റ്റ് ഇൻഡീസ് നായകൻ ജേസൻ ഹോൾഡറാണ്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹോൾഡർ ഒന്നാം സ്ഥാനത്തേക്ക് കയറി. ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയാണ് ഹോൾഡർ മികച്ച നേട്ടത്തിലെത്തിയത്. 

ജേസൺ ഹോൾഡർ ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാമെത്തിയപ്പോൾ തിരിച്ചടിയേറ്റത് ഇന്ത്യൻ താരം രവീന്ദ്ര ജഡേജയ്ക്കും, ബംഗ്ലാദേശ് സൂപ്പർ താരം ഷകീബ് അൽ ഹസനുമാണ്. ഓൾ റൗണ്ടർമാരുടെ റാങ്കിങിൽ ഷാകിബ് രണ്ടാം സ്ഥാനത്തേക്കും ജഡേജ മൂന്നാം സ്ഥാനത്തേക്കും ഇറങ്ങി. ഓൾ റൗണ്ടർ ഇന്ത്യയുടെ ആർ അശ്വിൻ ആറാമത്. 

ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ കോഹ്‌ലിക്ക് പുറമെ ആദ്യ പത്തിൽ ചേതേശ്വർ പൂജാരയാണ് മറ്റൊരു ഇന്ത്യൻ താരം. പൂജാര മൂന്നാം സ്ഥാനം നിലനിർത്തി. ബൗളർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ അഞ്ചാം സ്ഥാനത്തും ആർ അശ്വിൻ ഒൻപതാം സ്ഥാനത്തും നിൽക്കുന്നു.