പൂജാരയെ ചതിയനെന്ന് വിളിച്ച് കാണികള്‍; ഔട്ട് ആയിട്ടും ക്രീസ് വിടാതിരുന്നതിനെതിരെ പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2019 11:49 AM  |  

Last Updated: 27th January 2019 11:49 AM  |   A+A-   |  

1548469335-PUjara-

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹീറോ ആയിരുന്നു പൂജാര. പക്ഷേ രഞ്ജി ട്രോഫി സെമി ഫൈനലിനിടെ പൂജാരയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. സൗരാഷ്ട്ര-കര്‍ണാടക രഞ്ജി ട്രോഫി സെമി ഫൈനലിനിടെയാണ് സംഭവം. 

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പൂജാരയെ ഫ്രോഡ് രാജ എന്ന് വിളിച്ചാണ് ആരാധകര്‍ നേരിട്ടത്. സൗരാഷ്ട്രയ്ക്ക് വേണ്ടി ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പൂജാരയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത് കീപ്പറുടെ കൈകളില്‍ പന്തെത്തിയിട്ടും അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. എന്നാല്‍ റിപ്ലേകളില്‍ പൂജാരയുടെ ബാറ്റില്‍ കൊണ്ടാണ് പന്ത് കീപ്പറുടെ കൈകളിലേക്ക് എത്തിയതെന്ന് വ്യക്തമായിരുന്നു. 

അത് പൂജാരയ്ക്കും അറിയാമെന്നിരിക്കെ ക്രീസില്‍ തുടരാന്‍ തന്നെ തീരുമാനിച്ച പൂജാരയുടെ നടപടിയാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഇതിനുള്ള പ്രതികരണം എന്നോളമാണ് ആരാധകര്‍ പൂജാരയെ ചതിയന്‍ എന്നുള്‍പ്പെടെ വിളിച്ച് നേരിട്ടത്. ക്രീസ് വിടാന്‍ തയ്യാറാവാതിരുന്ന പൂജാരയുടെ നടപടിക്കെതിരെ മനീഷ് പാണ്ഡേയും കരുണ്‍ നായരും ഉള്‍പ്പെടെയുള്ള കര്‍ണാടക താരങ്ങള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. 

പൂജാരയെ പോലൊരു താരത്തിന്റെ ഭാഗത്ത് നിന്നും ഇങ്ങനെ ഉണ്ടായത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സമൂഹമാധ്യമങ്ങളിലും പൂജാരയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഗ്രൗണ്ടിലും ആരാധകരുടെ നീക്കം വരുന്നത്.