പ്രകോപനം ഫെഡറര്‍ക്കാണ്, റെക്കോര്‍ഡുകളെ പ്രണയിക്കുന്ന ഫെഡററെ ജോക്കോവിച്ച് വെറുതെയിരുത്തില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2019 05:43 PM  |  

Last Updated: 27th January 2019 05:43 PM  |   A+A-   |  

laver-cup-saturday-schedu

ഫെഡറര്‍ക്കുള്ള മുന്നറിയിപ്പാണ്. നദാലിനെ നിലം തൊടീക്കാതെ പറത്തിയ ജോക്കോവിച്ചിന് മറുപടി നല്‍കാതെ വിടാന്‍ റോജര്‍ ഫെഡറര്‍ക്കാവില്ല. ഫ്രഞ്ച് ഓപ്പണിലും, പിന്നാലെ വരുന്ന വിംബിള്‍ഡണിലും ഫെഡററെ മറുപടിക്കായി പ്രകോപിപ്പിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏഴാം വട്ടം മുത്തമിട്ട് നൊവാക് ജോക്കോവിച്ച്. 

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍ നല്‍കിയാല്‍ ചുംബനത്തേക്കാള്‍ കൂടുതല്‍ ജോക്കോവിച്ച് നല്‍കി കഴിഞ്ഞു. നേടിക്കൂട്ടിയ ഗ്രാന്‍ഡ്സ്ലാമുകളുടെ എണ്ണത്തില്‍ അഞ്ചിന്റെ അകലമാണ് ഇരുവരും തമ്മില്‍ ഇപ്പോഴുള്ളത്. കഴിഞ്ഞ മൂന്ന് ഗ്രാന്‍ഡ്സ്ലാമുകളും ജോക്കോവിച്ച് നേടിക്കഴിഞ്ഞു. ഫെഡററേക്കാള്‍ ആറ് വയസ് ചുരുക്കമാണ് സെര്‍ബിയന്‍ താരത്തിനെന്നതും ഫെഡറര്‍ തീര്‍ത്ത ഗ്രാന്‍ഡ്സ്ലാം റെക്കോര്‍ഡുകളുടെ ആയുസിന് അധിക ദൈര്‍ഘ്യമില്ലെന്നതിന്റെ സൂചന തരുന്നു. 

റോളന്‍ഡ് ഗാരോസിലേക്ക് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഫെഡറര്‍ വരുന്നത്. ജോക്കോവിച്ച് തന്റെ റെക്കോര്‍ഡിനോട് അടുത്തെത്തുമ്പോള്‍ ഫ്രഞ്ച് ഓപ്പണില്‍ കളിക്കാതിരിക്കാന്‍ ഫെഡറര്‍ക്കാകില്ല. കളിക്കുക മാത്രമല്ല, കിരീടം പിടിക്കാന്‍ കയ്യിലുള്ളതെല്ലാം പുറത്തെടുക്കുകയും വേണം സ്വിസ് താരത്തിന്. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ തോല്‍വിക്ക് 11 വട്ടം താന്‍ കിരീടം ചൂടിയ ഫ്രഞ്ച് ഓപ്പണില്‍ മറുപടി നല്‍കുമെന്ന് നദാല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫെഡററുടെ മുന്നിലെ വെല്ലുവിളി ഇതോടെ വീണ്ടും കൂടുകയാണ്. 

ഫ്രഞ്ച് ഓപ്പണിന് പിന്നാലെ ഫെഡറര്‍ രാജാവായി വാഴുന്ന വിംബിള്‍ഡണ്‍ വരും. എട്ട് വട്ടമാണ് ഫെഡറര്‍ വിംബിള്‍ഡണില്‍ മുത്തമിട്ടത്. കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണിലെ ജോക്കോവിച്ചിന്റെ ഫോമും ഫെഡറര്‍ക്ക് മേല്‍ ആശങ്കയുടെ നിഴല്‍ തീര്‍ക്കുന്നുണ്ട്. റോഡ് ലേവര്‍ അരീനയിലെ നദാലിനെ മടക്കിയ ജോക്കോവിച്ചിന്റെ കളി കണ്ടാല്‍ വിംബിള്‍ഡണിലും ജോക്കോവിച്ചാകും കളി പിടിക്കുക എന്ന് ആരും വിശ്വസിച്ച് പോകും. 

തന്റെ റെക്കോര്‍ഡുകളോടുള്ള താത്പര്യം തന്നെയാണ് ഫ്രഞ്ച് ഓപ്പണിലെ കളിമണ്‍ കോര്‍ട്ടിലേക്ക്‌ ഫെഡററെ എത്തിക്കുന്നത്. വിംബിള്‍ഡണിനും, അതിന് പിന്നാലെ വരുന്ന യുഎസ് ഓപ്പണിനും വേണ്ടി ആയുധത്തിന് മൂര്‍ച്ഛ കൂട്ടാനുള്ള വരവ്. എന്നാല്‍ പരിക്കില്‍ നിന്നും ജോക്കോവിച്ച് തിരികെ വന്നത് തന്റെ കരിയര്‍ ബെസ്റ്റ് ഫോമുമായിട്ടാണ്. ഫെഡററുടെ പ്രായവും കോര്‍ട്ടില്‍ വിഷയമാകുമ്പോള്‍ ഫിനിക്‌സ് പക്ഷിയായി വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് വരുവാനുള്ള അവസരം ജോക്കോവിച്ച് ഫെഡറര്‍ക്ക് നല്‍കുമോയെന്നാണ് അറിയേണ്ടത്. ജോക്കോവിച്ചോ, നദാലോ? ഇവരില്‍ ആരാവും ഫെഡററുടെ ഗ്രാന്‍ഡ്സ്ലാം നേട്ടം ആദ്യം മറികടക്കുക എന്ന ചോദ്യവും ഒപ്പമുണ്ട്.