77നേക്കാള്‍ മോശമായ ഇംഗ്ലണ്ടിന്റെ 246; ഹോള്‍ഡറും സംഘവും വരവറിയിക്കുകയാണ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2019 10:38 AM  |  

Last Updated: 27th January 2019 10:47 AM  |   A+A-   |  

dowri

ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതുള്ള ഇന്ത്യയെ തറപറ്റിച്ചെത്തിയ വമ്പന്മാരെ വീഴ്ത്താന്‍ അഞ്ച് ദിവസം തികച്ച് വേണ്ടി വന്നില്ല വിന്‍ഡിസിന്റെ പോയ പ്രതാപം വീണ്ടെടുക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന സംഘത്തിന്. നായകന്‍ ഹോള്‍ഡറുടെ ഇരട്ടശതകവും, പാര്‍ട് ടൈം ഒഫ് സ്പിന്നറായ റോസ്റ്റന്‍ ചേസിന്റെ തകര്‍പ്പന്‍ കളിയും കൂടിയായപ്പോള്‍ ഇന്ത്യയെ വിറപ്പിച്ച ഇംഗ്ലണ്ട് വിന്‍ഡിസ് മണ്ണില്‍ വീണു. 

2004ന് ശേഷം വിന്‍ഡിസ് മണ്ണില്‍ പരമ്പര ജയം നേടാന്‍ ഇംഗ്ലണ്ടിനായിട്ടില്ല. ഈ പരമ്പരയിലും തങ്ങളതിന് അനുവദിക്കില്ലെന്ന സൂചനയാണ് ആദ്യ ടെസ്റ്റില്‍ തന്നെ അവര്‍ നല്‍കുന്നത്. 381 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയിലേക്കാണ് ഇംഗ്ലണ്ട് വീണത്. രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എന്ന് നിന്നിടത്ത് നിന്നുമാണ് ചേസ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. 

60 റണ്‍സ് വഴങ്ങിയായിരുന്നു ചേസിന്റെ എട്ട് വിക്കറ്റ് നേട്ടം. ആദ്യ ഇന്നിങ്‌സില്‍ 77 റണ്‍സിന് പുറത്തായി നാണംകെട്ട ഇംഗ്ലണ്ടിന് കളി തിരികെ പിടിക്കുവാനുള്ള അവസരം ഹോള്‍ഡര്‍ ഇല്ലാതെയാക്കി. രണ്ടാം ഇന്നിങ്‌സില്‍, അതും ആറാം നമ്പറില്‍ ഇറങ്ങി ഡബിള്‍ സെഞ്ചുറി നേടി ബ്രാഡ്മാന് പിന്നില്‍ തന്റെ പേര് കൂടി എഴുതി ചേര്‍ക്കുകയായിരുന്നു ഹോള്‍ഡര്‍. ഇംഗ്ലണ്ടിനെതിരെ 1937ല്‍ ബ്രാഡ്മാന്‍ ഈ നേട്ടം കൈവരിച്ചിരുന്നു.  

ഓപ്പണര്‍ ബേണ്‍സിന് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കുവാനായത്. ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ പലര്‍ക്കും മികച്ച തുടക്കം ലഭിച്ചുവെങ്കിലും വലിയ സ്‌കോറിലേക്കും കൂട്ടുകെട്ടിലേക്കും എത്തിക്കാന്‍ അവര്‍ക്കായില്ല.സ്വിങ്ങിനും സ്പിന്നിനും സാധ്യതയില്ലാത്ത ഫഌറ്റ് പിച്ചിലാണ് ഇംഗ്ലണ്ട് വീണത്. പ്രതീക്ഷിക്കപ്പെട്ടിരുന്ന ബൗണ്‍സുകളുടെ ഏറ്റക്കുറച്ചില്‍ പോലും അവിടെ ഉണ്ടായിരുന്നില്ല. ഹോള്‍ഡറും, ഡൗറിച്ചും ബാറ്റ് ചെയ്തപ്പോഴത്തെ ഘടകങ്ങള്‍ തന്നെയായിരുന്നു ഇംഗ്ലണ്ട് ബാറ്റിങ്ങിന് എത്തിയപ്പോഴും. എന്നിട്ടും ഇംഗ്ലണ്ട് ബാറ്റിങ് നിര പരാജയപ്പെട്ടു.