കളിക്കാനിറങ്ങിയോ റെക്കോർഡ് ഉറപ്പ്; നോൺ സ്റ്റോപ് മെസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2019 11:45 PM  |  

Last Updated: 28th January 2019 11:45 PM  |   A+A-   |  

image

 

മാഡ്രിഡ്: എപ്പോൾ മൈതാനത്തിറങ്ങിയാലും തിരിച്ചു കയറുമ്പോൾ അർജന്റീനയുടെ ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി ഒരു റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ടാകും. ഇത്തവണ രണ്ട് റെക്കോർഡുകളാണ് മെസി നേടിയത്. കഴിഞ്ഞ ദിവസം ജിറോണ എഫ്സിയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച പോരാട്ടത്തിലാണ് മെസിയുടെ നേട്ടം. അടുത്തൊന്നും ഒരു താരവും മറികടക്കാന്‍ സാധ്യതയില്ലാത്ത റെക്കോർഡാണ് ഇതിലൊന്ന്.

ജിറോണയുടെ മോന്റിലിവി സ്‌റ്റേഡിയത്തില്‍ ഗോള്‍ നേടിയതോടെ ലാ ലിഗയില്‍ 36 മൈതാനങ്ങളില്‍ ഗോള്‍ നേടിയ താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. ഈ സ്‌റ്റേഡിയത്തിലെ മെസിയുടെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. ഡിപ്പോര്‍ട്ടീവോ ലാ കൊറുണയുടെ ഹോംഗ്രൗണ്ടിലാണ് മെസി എവേ മത്സരങ്ങളില്‍ ഏറ്റവുമധികം സ്‌കോര്‍ ചെയ്തിട്ടുള്ളത്. പതിമൂന്ന് തവണ. ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെതിരേ അവരുടെ തട്ടകത്തില്‍ ഇതുവരെ 11 ഗോളുകളാണ് അർജന്റൈൻ ഇതിഹാസം സ്കോർ ചെയ്തത്. 

ഏറ്റവും കൂടുതല്‍ ലാ ലിഗ വിജയങ്ങളില്‍ മെസി, റയലിന്റെ ഇതിഹാസ താരം റൗള്‍ ഗോണ്‍സാലസിനെ മറികടന്നു. 437 ലാ ലിഗ മത്സരങ്ങളില്‍ നിന്ന് 328 വിജയങ്ങളാണ് മെസിയുടെ പേരിലുള്ളത്. 550 മത്സരങ്ങളില്‍ നിന്ന് 327 വിജയങ്ങളിലാണ് റൗള്‍ പങ്കാളിയായിട്ടുള്ളത്. 334 വിജയങ്ങളില്‍ പങ്കാളിയായ മുന്‍ റയല്‍ ക്യാപ്റ്റന്‍ ഇകർ കാസിയസാണ് പട്ടികയില്‍ മുന്നില്‍. ഏഴ് വിജയങ്ങള്‍ കൂടി മതി മെസിക്ക് കാസിയസിന്റെ റെക്കോർഡ് സ്വന്തമാക്കാൻ.