ന്യൂസീലാന്‍ഡും കീഴടക്കി കോഹ്ലിയുടെ ടീം; ജയം, പരമ്പര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2019 02:57 PM  |  

Last Updated: 28th January 2019 03:18 PM  |   A+A-   |  

india

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ. കീവീസ് ഉയര്‍ത്തിയ 244റൺസെന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. എഴ് വിക്കറ്റിന് ജയം പിടിച്ച ഇന്ത്യ അഞ്ച് ഏകദിനങ്ങളുടെ പരമ്പര സ്വന്തമാക്കികഴിഞ്ഞു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര നേട്ടം കൈപിടിയിലൊതുക്കുകയായിരുന്നു ഇന്ത്യ. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന്റെ ചെറുത്ത് നില്‍പ്പ് 243 റണ്‍സില്‍ അവസാനിച്ചിരുന്നു. 49 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയിലേക്ക് നീങ്ങിയ ആതിഥേയരെ റോസ് ടൈലറും ടോം ലാഥവുമാണ് നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 106 പന്തില്‍ 93 റണ്‍സെടുത്ത ടൈലറിന് അര്‍ധ സെഞ്ചുറിയുമായി ലാഥം പിന്തുണ നല്‍കി. 116 റണ്‍സാണ് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഉണ്ടായത്.

ഷമിയുടെ തകര്‍പ്പന്‍ ബൗളിങിന് മുന്നില്‍ കുടുങ്ങി രണ്ടാം ഓവറില്‍ തന്നെ ഓപ്പണറായ കോളിന്‍ മണ്‍റോ മടങ്ങി. പിന്നാലെ ഗുപ്ട്ടലും കെയിനും. വിലക്കിന് ശേഷം തിരികെ ടീമിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ ഉജ്ജ്വലമായ ക്യാച്ചിലൂടെയാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റനെ കൈപ്പിടിയിലൊതുക്കിയത്. നായകന്‍ മടങ്ങിയതോടെ ടീമിനെ നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ടൈലറും ലാഥവും ഏറ്റെടുക്കുകയായിരുന്നു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർബോർഡിൽ 39 റൺസ് ചേർക്കുന്നതിനിടയിൽ ഓപ്പണർ ശിഖർ‌ ധവാനെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റിൽ രോഹിത് ശര്‍മ്മയും നായകൻ വിരാട് കോഹ്ലിയും ചേർന്ന് സ്കോർ ഉയർത്തി. ഇരുവരും ചേര്‍ന്ന് ഇന്ത്യൻ സ്കോർബോർഡിൽ ചേർത്ത 113 റണ്‍സ് ജയത്തിന് നിർണ്ണായകമായി. 27 പന്തില്‍ 28റൺസ് നേടയിയാണ് ധവാൻ പുറത്തായത്. മൂന്നു ഫോറും രണ്ട് സിക്‌സുമടക്കം 77 പന്തിൽ 62 റൺസ് നേടിയായിരുന്നു രോഹിത്തിന്റെ മടക്കം. സാന്റ്‌നെര്‍ ആണ് രോഹിത് -കോഹ്ലി കൂട്ടുകെട്ട് തകർത്തത്. ആറു ഫോറും ഒരു സിക്‌സുമടക്കം 60 റൺസ് നേടിയ നായകൻ ബോള്‍ട്ടിന്റെ പന്തിൽ നിക്കോള്‍സിന്റെ കൈയിലവസാനിച്ചു. 

പിന്നാലെ നാലാം വിക്കറ്റിൽ അമ്പാട്ടി റായുഡുവും ദിനേശ് കാര്‍ത്തിക്കും ചേർന്ന് കാഴ്ചവച്ച തകർപ്പൻ ബാറ്റിങ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചു. 42 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. അഞ്ചു ഫോറും ഒരു സിക്‌സുമടക്കം 40റൺസ് നേടി റീയുഡുവും അഞ്ചു ഫോറും ഒരു സിക്‌സുമടക്കം 38 റണ്‍സുമായി കാര്‍ത്തിക്കും പുറത്താകാതെ നിന്നു.