ഇംഗ്ലണ്ട് ലയേണ്‍സിനെ വീണ്ടും തോല്‍പ്പിച്ച് ഇന്ത്യ എ; പന്ത് തിളങ്ങിയപ്പോള്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തി കെ.എല്‍.രാഹുല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2019 05:19 PM  |  

Last Updated: 29th January 2019 05:20 PM  |   A+A-   |  

india_a

ഇംഗ്ലണ്ട് ലയേണ്‍സിനെ തുടര്‍ച്ചയായ നാലാം ഏകദിനത്തിലും തോല്‍പ്പിച്ച് ഇന്ത്യ എ. 222 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ എ നാല് വിക്കറ്റ് നഷ്ടത്തില്‍ ജയം പിടിച്ചു. റിഷഭ് പന്തും ദീപക് ഹൂഡയും ചേര്‍ന്ന് തീര്‍ത്ത 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യ എ വലിയ പരിക്കേല്‍ക്കാതെ ജയത്തിലേക്ക് എത്തിച്ചത്. 

റിഷഭ് പന്ത് 76 പന്തില്‍ നിന്നും ആറ് ഫോറും മൂന്ന് സിക്‌സും പറത്തി 73 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. ദീപക് ഹൂഡ 47 പന്തില്‍ നിന്നും 47 റണ്‍സ് നേടി. വിലക്കിന് ശേഷം ഇറങ്ങിയ ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ട കെ.എല്‍.രാഹുല്‍ തന്റെ രണ്ടാം മത്സരത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തി. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 77 പന്തില്‍ നിന്നും രണ്ട് ഫോറും രണ്ട് സിക്‌സും അടിച്ച് 42 റണ്‍സാണ് നേടിയത്. 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയേണ്‍സിന് വേണ്ടി അഞ്ചും ആറും വിക്കറ്റുകളില്‍ വന്ന കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താന്‍ തുണച്ചത്. സാം ബില്ലിങ്‌സും പോപ്പെയും ചേര്‍ന്ന് 58 റണ്‍സും, പോപ്പെയും സ്റ്റീവെന്‍ മുല്ലനിയും ചേര്‍ന്ന് 63 റണ്‍സും കൂട്ടിച്ചേര്‍ത്തു. അഞ്ച് ഏകദിനങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ എ സ്വന്തമാക്കിയിരുന്നു. അഞ്ചാം ഏകദിനത്തിലും ജയം പിടിച്ചാല്‍ ഇന്ത്യ എയ്ക്ക് പരമ്പര തൂത്തുവാരാം.