ഇതേ സംഘത്തെ നിലനിര്‍ത്താന്‍ വന്‍ പ്ലാന്‍, പണം ഒഴുക്കി ലിവര്‍പൂള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2019 02:56 PM  |  

Last Updated: 29th January 2019 03:10 PM  |   A+A-   |  

liverpool12

ആ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുവാനുള്ള സുവര്‍ണാവസരമാണ് ലിവര്‍പൂളിന് മുന്നില്‍ ഇപ്പോള്‍. സീസണിലെ ഇനിയുള്ള കളികളിലും ജയം പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്നിലേക്ക് മറ്റി നിര്‍ത്തിയാല്‍ ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം ആന്‍ഫീല്‍ഡിലേക്ക് എത്തിക്കാം. എന്നാല്‍ കിരീടം നേടാന്‍ ഈ സീസണില്‍
നടത്തുന്ന പോരാട്ടങ്ങള്‍ക്കപ്പുറം, വരും സീസണുകളിലും ജയം തുടര്‍ക്കഥയാക്കുന്നതിനുള്ള അടിത്തറ പാകുകയാണ് ലിവര്‍പൂള്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. 

അഞ്ച് വര്‍ഷത്തിന് മുന്‍പ്, സുവാരസിന്റെ ഗോളുകളായിരുന്നു ലിവര്‍പൂളിനെ കിരീടത്തിന് തൊട്ടടുത്തേക്ക് എത്തിച്ചത്. എന്നാല്‍ വലിയ മുന്നേറ്റം ലിവര്‍പൂള്‍ നടത്തവേ സുവാരസ് ബാഴ്‌സലോണയിലേക്ക് വണ്ടികയറി. ഒരു വര്‍ഷം മാത്രം മുന്‍പ് കുട്ടിഞ്ഞോയും ലിവര്‍പൂളില്‍ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറി. ഇനി ഇങ്ങനെയൊരു പോക്ക് തടയുകയാണ് ലിവര്‍പൂളിന്റെ പ്രധാന ലക്ഷ്യം. 
പണം വാരിയെറിഞ്ഞ് ആലിസണിനേയും, പ്രതിരോധ നിരയിലേക്ക് വാന്‍ ഡിജിക്കിനേയും കൊണ്ടുവന്ന് ലിവര്‍പൂള്‍ ശക്തി വീണ്ടെടുത്തു. 

ഇപ്പോള്‍, തങ്ങള്‍ അണിനിരത്തിയിരിക്കുന്ന താരങ്ങളെ ആന്‍ഫീല്‍ഡില്‍ തന്നെ നിലനിര്‍ത്താന്‍ വന്‍ തോതില്‍ പണം മുടക്കുകയാണ് ലിവര്‍പൂള്‍. മുഹമ്മദ് സല, ഫിര്‍മിനോ, മനേ, റോബേര്‍ട്‌സന്‍, അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് എന്നിവരുമായുള്ള കരാര്‍ ലിവര്‍പൂള്‍ പുതുക്കി കഴിഞ്ഞു. കഴിഞ്ഞ എട്ട് മാസത്തിന് ഇടയില്‍ എട്ട് താരങ്ങളുടെ കരാറാണ് 2023 വരെയോ, അതില്‍ കൂടുതലോ ആയി പുതുക്കിയിരിക്കുന്നത്. 

ഇങ്ങനെ താരങ്ങളുമായുള്ള കരാര്‍ പുതുക്കുക വഴി ഇതില്‍ 200 മില്യണ്‍ അധികം ലിവര്‍പൂളിന് ചിലവഴിക്കേണ്ടി വന്നുവെന്നാണ് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത രണ്ട് അല്ലെങ്കില്‍ മൂന്ന് വര്‍ഷങ്ങള്‍ ഞങ്ങള്‍ എവിടെ എത്തുമെന്ന് അറിയില്ല. എന്നാല്‍ ഇപ്പോഴത്തെ ടീമിന്റെ പ്രായം നമുക്ക് പോസിറ്റീവ് ആണ്. ഈ സീസണ്‍ കൊണ്ട് ടീമിന്റെ മുന്നേറ്റങ്ങള്‍ അവസാനിപ്പിക്കില്ല. പ്രമുഖ താരങ്ങളില്‍ ഒരാളേയും നമുക്ക് നഷ്ടപ്പെടില്ല എന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ലിവര്‍പൂള്‍ കോച്ച് ക്ലോപ്പും പറയുന്നു.