പെണ്‍പടയും കട്ടയ്ക്ക് തന്നെ, ന്യൂസിലാന്‍ഡിനെതിരെ പരമ്പര പിടിച്ചു; രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റ് ജയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2019 12:57 PM  |  

Last Updated: 29th January 2019 12:57 PM  |   A+A-   |  

oii_oii

ന്യൂസിലാന്‍ഡിന്റെ വനിതാ സംഘത്തിനുമായില്ല ഇന്ത്യയെ തടയാന്‍. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് കളികളിലും ജയം പിടിച്ച് ഇന്ത്യന്‍ വനിതകളും പരമ്പര സ്വന്തമാക്കി. 162 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന് ജയം പിടിച്ചു. 

തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും മന്ദാനയുടെ ചിറകിലേറി തന്നെയാണ് ഇന്ത്യ ജയത്തിലേക്കെത്തിയത്. ഒപ്പം കൂട്ടിന് നായിക മിതാലി രാജും. പക്ഷേ ചെയ്‌സിങ്ങിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയിലേക്കെത്താന്‍ മന്ദാനയ്ക്ക് സാധിക്കുന്നതിന് മുന്‍പേ ഇന്ത്യ വിജയ ലക്ഷ്യം പിന്നിട്ടു. 83 പന്തില്‍ നിന്നും 13 ഫോറും ഒരു സിക്‌സും പറത്തി മന്ദാന 90 റണ്‍സ് എടുത്ത് നിന്നു. ആദ്യ ഏകദിനത്തില്‍ മന്ദാന സെഞ്ചുറി നേടിയാണ് ഇന്ത്യയെ തകര്‍പ്പന്‍ ജയത്തിലേക്ക് എത്തിച്ചത്. 

തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിടത്ത് നിന്നുമാണ് മന്ദാനയും മിതാലി രാജും ചേര്‍ന്ന് ഇന്ത്യയെ പിടിച്ചുയര്‍ത്തി കൊണ്ടുവന്നത്. മിതാലി 111 പന്തില്‍ നിന്നും നാല് ഫോറും രണ്ട് സിക്‌സും പറത്തി 63 റണ്‍സ് നേടി പുറത്താവാതെ നിന്നു. കഴിഞ്ഞ കളിയില്‍ മന്ദാനയ്ക്ക് കട്ട സപ്പോര്‍ട്ട് നല്‍കി ഒപ്പം നിന്ന ജെമിമയ്ക്ക് ഇത്തവണ സ്‌കോര്‍ ബോര്‍ഡ് തുറക്കുവാനായില്ല. മൂന്നാമനായി ഇറങ്ങിയ ദീപ്തി ശര്‍മയും വന്നപാടെ മടങ്ങിയെങ്കിലും മന്ദാനയും മിതാലിയും പരമ്പര ജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചു. 

ടോസ് നേടി ഇന്ത്യ കീവീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 71 റണ്‍സ് എടുത്ത ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ എമി സാറ്റര്‍വെയ്റ്റിന് അല്ലാതെ മറ്റാര്‍ക്കും കീവീസ് നിരയില്‍ നിന്നും ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കാനായില്ല. ഇന്ത്യയ്ക്കായി ജുലന്‍ ഗോസ്വാമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എക്തയും ദീപ്തി ശര്‍മയും പൂനവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.