ഈ താരത്തെ ഇറക്കിയാല്‍ ലോക കപ്പിന് മുന്‍പ് മറ്റൊരു സൂപ്പര്‍ സ്റ്റാറിനെ കൂടി കണ്ടെത്താം; ഗാംഗുലിയും ഗാവസ്‌കറും പറയുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2019 12:21 PM  |  

Last Updated: 30th January 2019 12:21 PM  |   A+A-   |  

gangulykohlifb-story

 

ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ശുബ്മന്‍ ഗില്ലിനെ കളിപ്പിക്കണം എന്ന വാദവുമായി ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും. ഗില്ലിനെ കളിപ്പിച്ചാല്‍ ലോക കപ്പിന് മുന്‍പ് ഇന്ത്യയ്ക്ക് മറ്റൊരു സൂപ്പര്‍ താരത്തെ കൂടി കണ്ടെത്താനാവും എന്നാണ് ഗാംഗുലിയുടെ പ്രവചനം. 

ടീമില്‍ ഇടം നേടാനുള്ള അര്‍ഹത ശുബ്മാന്‍ ഗില്ലിനുണ്ട്. ന്യൂസിലാന്‍ഡിനെതിരെ ഇനിയുള്ള രണ്ട് ഏകദിനങ്ങളിലും താരത്തെ കളിപ്പിക്കണം. ലോക കപ്പിന് മുന്‍പ് മറ്റൊരു സൂപ്പര്‍ താരത്തെ കൂടി ഇന്ത്യയ്ക്ക് ലഭിക്കില്ലെന്ന് ആരറിഞ്ഞുവെന്നും ഗാംഗുലി പറഞ്ഞു. ഗില്ലിനെ കീവീസിനെതിരെ കളിപ്പിക്കണം എന്ന് സുനില്‍ ഗാവസ്‌കറും പറഞ്ഞിരുന്നു. 

അവസാന രണ്ട് ഏകദിനങ്ങളില്‍ കോഹ് ലിക്ക് വിശ്രമം അനുവദിച്ചതോടെ ബാറ്റിങ് ഓര്‍ഡറിലെ മൂന്നാം സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെ ഈ പത്തൊന്‍പതുകാരനെ ഇറക്കാം. എങ്ങിനെ ഗില്‍ രാജ്യാന്തര തലത്തില്‍ ബാറ്റ് ചെയ്യും എന്ന് ഇതിലൂടെ നമുക്ക് അറിയാനാവും എന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നെറ്റ്‌സില്‍ ശുബ്മന്‍ ബാറ്റ് ചെയ്യുന്നത് കണ്ട് താന്‍ ഞെട്ടിയെന്ന് നായകന്‍ വിരാട് കോഹ് ലിയും പറഞ്ഞിരുന്നു. 

പത്തൊന്‍പത് വയസില്‍ ഞാന്‍ ശുബ്മാന്‍ ഇപ്പോള്‍ ഉള്ളതിന്റെ പത്ത് ശതമാനം പോലും ഉണ്ടായിരുന്നില്ല എന്നാണ് മൂന്നാം ഏകദിനത്തിന് പിന്നാലെ കോഹ് ലി പറഞ്ഞത്. അവരുടെ ആത്മവിശ്വാസമാണ് അവിടെ കാണുന്നത്. ടീമിലേക്ക് വരുമ്പോള്‍ തന്നെ മികച്ച കളി പുറത്തെടുത്ത് ടീമിന്റെ നിലവാരത്തിനൊത്ത് നില്‍ക്കാന്‍ അവര്‍ക്കാകുന്നു. അവര്‍ക്ക് അവസരം നല്‍കി വളരാന്‍ അനുവദിക്കുക എന്നതിലാണ് കൂടുതല്‍ സന്തോഷം തോന്നുന്നതെന്നും കോഹ് ലി പറഞ്ഞിരുന്നു.