രോഹിത്ത് കടപ്പെട്ടിരിക്കുന്നത് ധോനിയോട്, ആ ബുദ്ധി മാറ്റിവരച്ച തലവരയുടെ കണക്കുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2019 10:58 AM  |  

Last Updated: 30th January 2019 10:58 AM  |   A+A-   |  

rohitdhoni

2013 വരെ ക്രിക്കറ്റിലെ രോഹിത് ശര്‍മയുടെ ഓരോ ചലനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. മധ്യനിരയില്‍ ആരാധകരുടേയും വിദഗ്ധരുടേയും വായടപ്പിക്കാന്‍ പാകത്തില്‍ എണ്ണം പറഞ്ഞ ഇന്നിങ്‌സുകളൊന്നും രോഹിത്തിന്റെ ബാറ്റില്‍ നിന്നും വന്നുമില്ല. ന്യൂബോള്‍ നേരിടാന്‍ പറഞ്ഞ് രോഹിത്തിനെ ധോനി ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കയറ്റുന്നത് വരെയേ ആ വിമര്‍ശനങ്ങള്‍ക്കെല്ലാം ആയുസുണ്ടായിരുന്നുള്ളു. പിന്നെയങ്ങോട്ട് രോഹിത് തിരിഞ്ഞു നോക്കിയിട്ടില്ല. 

ഏകദിനത്തില്‍ ശരാശരി പ്രകടനവുമായി മധ്യനിരയില്‍ നിന്ന് കളിച്ച താരം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണറായി വളരുകയായിരുന്നു അവിടെ. തന്റെ ആദ്യ 50 ഏകദിനങ്ങളില്‍ നിന്നും 31.52 എന്ന ബാറ്റിങ് ശരാശരിയില്‍ 1135 റണ്‍സാണ് രോഹിത് നേടിയത്. രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധ ശതകവും. രോഹിത്തിന്റെ അവസാന 50 ഏകദിനങ്ങള്‍ എടുക്കുമ്പോള്‍ 49 ഇന്നിങ്‌സില്‍ നിന്നും 67.37 എന്ന ബാറ്റിങ് ശരാശരിയില്‍ 2762 റണ്‍സാണ് രോഹിത് അടിച്ചു കൂട്ടിയത്. 12 സെഞ്ചുറിയും 11 അര്‍ധ ശതകവും ഇവിടെ പിറന്നു. 

തന്റെ അവസാന 49 ഇന്നിങ്‌സുകളില്‍ ഓരോ റണ്ട് ഇന്നിങ്‌സിന് ശേഷവും അന്‍പതിന് മുകളില്‍ സ്‌കോറും, ഓരോ നാല് ഇന്നിങ്‌സിന് ശേഷം നൂറിന് മുകളില്‍ സ്‌കോറും കണ്ടെത്താന്‍ രോഹിത്തിനാവുന്നു. ലോക ക്രിക്കറ്റിലെ ഓപ്പണര്‍മാരില്‍ ബാറ്റിങ് ശരാശരിയില്‍ മുന്നിലും രോഹിത്താണ്. 114 ഇന്നിങ്‌സില്‍ നിന്നും 58.32 ആണ് ഓപ്പണറായി ഇറങ്ങിയപ്പോഴുള്ള രോഹിത്തിന്റെ ബാറ്റിങ് ശരാശരി. 

ന്യൂബോളില്‍ കരുതലോടെ കളിക്കുകയും, പതിയെ അടിച്ചു കളിച്ച് തുടങ്ങുകയുമാണ് രോഹിത്തിന്റെ ശൈലി. ഓപ്പണിങ്ങില്‍ പതിയെ തുടങ്ങി വലിയ സ്‌കോറിലേക്ക് അതിനെ കണ്‍വേര്‍ട്ട് ചെയ്യുന്നതില്‍ 42.55 ശതമാനമാണ് രോഹിത്തിന്റെ ശരാശരി. മുന്നിലുള്ളത് സൗത്ത് ആഫ്രിക്കയുടെ ഗിബ്‌സ് മാത്രം.183 ഇന്നിങ്‌സുകളില്‍ നിന്നും ഗിബ്‌സ് 6103 റണ്‍സാണ് നേടിയത്. ബാറ്റിങ് ശരാശരി 35.69. കണ്‍വേര്‍ഷന്‍ റേറ്റ് 42.86. രോഹിത് 115 ഇന്നിങ്‌സില്‍ നിന്നും 5832 റണ്‍സ്. ബാറ്റിങ് ശരാശരി 58.32.