കളി പഠിപ്പിച്ചത് സെവന്‍സാണ്, അവരോട് ഇല്ല എന്ന് പറയാന്‍ എനിക്കാവില്ല, അനസ് പറയുന്നു

സെവന്‍സ് കളിച്ച വളര്‍ന്ന എന്നെപോലുള്ളവര്‍ക്ക് അതിനെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും അവഗണിക്കുവാനാവില്ല
കളി പഠിപ്പിച്ചത് സെവന്‍സാണ്, അവരോട് ഇല്ല എന്ന് പറയാന്‍ എനിക്കാവില്ല, അനസ് പറയുന്നു

വല കുലുക്കാന്‍ എത്തുന്ന എതിരാളികളെ മാത്രമായിരുന്നില്ല പിടിച്ചു നിര്‍ത്തിയത്, ജീവിതത്തെ കടപുഴക്കാന്‍ എത്തിയ പ്രതിസന്ധികളെ കൂടിയായിരുന്നു അനസ് ലക്ഷ്യം നേടാന്‍ അനുവദിക്കാതെ അനസ് തിരികെ പറഞ്ഞയച്ചത്. ഇന്ത്യന്‍ കുപ്പായം അഴിച്ചതിന് പിന്നാലെ കാല്‍പന്ത് കൂടെ ചേര്‍ത്തുള്ള തന്റെ ജീവിതത്തെ കുറിച്ച് പറയുകയാണ് മുന്‍ പ്രതിരോധ നിര താരം അനസ് എടത്തൊടിക്ക. 

സെവന്‍സ് കളിച്ചാണ് ഞങ്ങള്‍ വളര്‍ന്നത്. കളിയുടെ കരുത്ത് ഞങ്ങളറിഞ്ഞത് അവിടെ നിന്നാണ്. പതിനഞ്ച് പതിനാറ് വയസുള്ളപ്പോള്‍ തന്നെ കരുത്തരായ വിദേശ താരങ്ങളെ ഞാനും, ആശിഖ് കരുണിയനുമെല്ലാം അവിടെ പ്രതിരോധിച്ചിട്ടുണ്ട്. ജില്ലാ, സംസ്ഥാന തലങ്ങളിലൊന്നും കളിച്ച താരമല്ല ഞാന്‍, സെവന്‍സാണ് എന്നെ എല്ലാം പഠിപ്പിച്ചത്. എന്നെ ഫുട്‌ബോള്‍ പഠിപ്പിച്ച സെവന്‍സ് എനിക്ക് അവസരങ്ങളും തന്നുവെന്ന് അനസ് ഗോളിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

സെവന്‍സ് കളിച്ച വളര്‍ന്ന എന്നെപോലുള്ളവര്‍ക്ക് അതിനെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും അവഗണിക്കുവാനാവില്ല. സീസണിന് മുന്‍പ് സെവന്‍സ് കളിക്കുവാനുള്ള അനസിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അവര്‍ വിമര്‍ശിക്കട്ടേയെന്നാണ് അനസ് പറയുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മളെ സഹായിച്ച ഒരുപാട് പേരുണ്ട്. ഇപ്പോള്‍ അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ടീമിന് വേണ്ടി കളിക്കണം എന്ന ആവശ്യവുമായി അവര്‍ വരുന്നു. അവരോട് ഇല്ലാ എന്ന് പറയാന്‍ എനിക്കാവില്ലെന്നും അനസ് പറഞ്ഞു. 

മലപ്പുറത്തെ കളികള്‍ എന്തിന് വേണ്ടിക്കൂടിയുള്ളതാണ് എന്ന് നിങ്ങള്‍ നോക്കണം. ആവശ്യക്കാര്‍ക്ക് വേണ്ടി പണം സ്വരൂപിക്കാന്‍ വേണ്ടിക്കൂടിയുള്ളതാണ് അത്. എന്റെ സഹോദരന്റെ കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി ഫണ്ട് പിരിക്കുന്നതിന് വേണ്ടിയും ഞാന്‍ കളിച്ചിരുന്നു. എന്നെ സഹായിച്ചവരെ തിരിച്ച് സഹായിക്കാന്‍ എനിക്കായില്ലെങ്കില്‍ പിന്നെ എന്നെക്കൊണ്ട് എന്ത് കാര്യമെന്നും അനസ് ചോദിക്കുന്നു. 

കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടിയുള്ള എന്റെ കളിയില്‍ ഞാന്‍ തൃപ്തനല്ല. എനിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വിലക്കും, ജിങ്കാന്‍-പെസിച്ച് കൂട്ടുകെട്ട് രൂപപ്പെട്ടതും എനിക്ക് തിരിച്ചടിയായി. എനിക്ക് മറ്റ് രണ്ട് ക്ലബുകളില്‍ നിന്നും ഓഫര്‍ വന്നിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സില്‍ തുടരുവാനാണ് എന്റെ തീരുമാനം. ബ്ലാസ്റ്റേഴ്‌സ് എന്താണ് തീരുമാനിക്കുന്നത് അതനുസരിച്ചിരിക്കും എന്റെ തീരുമാനവുമെന്നും അനസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com