ഇന്ത്യയുടെ ബോള്‍ട്ടിളക്കി, 92 റണ്‍സിന് ഓള്‍ ഔട്ട്‌; ചഹല്‍ ടോപ് സ്‌കോറര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2019 09:52 AM  |  

Last Updated: 31st January 2019 09:53 AM  |   A+A-   |  

trent31012019_0

ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ നേരിട്ട ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും ഇന്ത്യയ്ക്ക് കരകയറുവാനായില്ല. 30.5 ഓവറില്‍ ഇന്ത്യ 92 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ടും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗ്രാന്‍ഡ്‌ഹോമും ചേര്‍ന്നാണ് പരമ്പരയിലേക്ക് ന്യൂസിലാന്‍ഡിനെ തിരികെ കൊണ്ടുവന്നത്. 18 റണ്‍സ് എടുത്ത ചഹല്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

29 ഓവര്‍ പിന്നിടുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. വാലറ്റത്ത് കുല്‍ദീപും, ചഹലും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടത്തുവാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കൂട്ടുകെട്ടുകളൊന്നും തീര്‍ക്കാന്‍ കീവീസ് ബൗളര്‍മാര്‍ ഇന്ത്യക്കാരെ അനുവദിച്ചില്ല. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ആദ്യമേ തളര്‍ത്തിയത് ബോള്‍ട്ടിന്റെ പ്രഹരങ്ങളായിരുന്നു. ഓപ്പണര്‍മാരെ രണ്ട് പേരേയും ബോള്‍ട്ട് മടക്കി കഴിഞ്ഞതിന് പിന്നാലെ ഗ്രാന്‍ഡ്‌ഹോമിന്റെ ഊഴമായിരുന്നു. നാലാമനായി ഇറങ്ങിയ റായിഡുവിനേയും, പിന്നാലെ എത്തിയ കാര്‍ത്തിക്കിനേയും ഡക്കാക്കി ഗ്രാന്‍ഡ്‌ഹോം കൂടാരം കയറ്റി. 

അരങ്ങേറ്റക്കാരന്‍ ശുഭ്മന്‍ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ടീമിനെ കരകയറ്റുമെന്ന പ്രതീക്ഷയും തല്ലിക്കെടുത്തിയായിരുന്നു ബോള്‍ട്ടിന്റെ പിന്നെയുള്ള വരവ്. മൂന്നാമനായി ഇറങ്ങി 21 പന്തില്‍ നിന്നും ഒരു ഫോറടിച്ച 9 റണ്‍സ് എടുത്ത് നിന്ന ശുഭ്മാന്‍ നേരെ ബോള്‍ട്ടിന്റെ തന്നെ കൈകളിലേക്ക്. തിരിച്ചു വരവില്‍ ടീമിന് തുണയാവാന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും സാധിച്ചില്ല. നാല് ഫോര്‍ അടിച്ച് 16 റണ്‍സുമായി നില്‍ക്കെ ബോള്‍ട്ട് പാണ്ഡ്യയെ ലാതമിന്റെ കൈകളില്‍ എത്തിച്ചു.