ഹാമിൽട്ടണിൽ തകർന്നടിഞ്ഞ് ഇന്ത്യ ; 35 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടമായി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2019 08:40 AM  |  

Last Updated: 31st January 2019 08:40 AM  |   A+A-   |  

 

ഹാ​മി​ൾ​ട്ട​ൻ: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിം​ഗ് തകർച്ച. 35 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ ആറ് വിക്കറ്റുകളാണ്  നഷ്ടമായത്. 13 റൺസെടുത്ത ശിഖർ ധവാനും ഏഴ് റൺസെടുത്ത നായകൻ രോഹിത് ശർമ്മയും, റൺസൊന്നുമെടുക്കാതെ റായിഡുവും ദിനേഷ് കാർത്തികുമാണ് പുറത്തായത്. ഓപ്പണർമാരെ പുറത്താക്കി കിവീസ് പേസ് ബൗളർ ട്രെന്റ് ബോൾട്ടാണ് ഇന്ത്യയ്ക്ക് തുടക്കത്തിലേ പ്രഹരമേൽപ്പിച്ചത്. 

ധവാനെ ബോൾട്ട് വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ, 200-ാം മൽസരത്തിനിറങ്ങിയ രോഹിതിനെ ബോൾട്ട് സ്വന്തം ബൗളിം​ഗിൽ പിടികൂടുകയായിരുന്നു. ഇതോടെ 23 റൺസിന് രണ്ട് വിക്കറ്റെന്ന നിലയിലായി ഇന്ത്യ. എന്നാൽ പിന്നീടെത്തിയ റായിഡുവിനെയും ദിനേഷ് കാർത്തികിനെയും റണ്ണെടുക്കുംമുമ്പ് ​ഗ്രാൻഡ്ഹോമും  പുറത്താക്കിയതോടെ ഇന്ത്യ നാലു വിക്കറ്റിന്  33 റൺസെന്ന നിലയിലേക്ക് പതറി. 

പിന്നാലെ അരങ്ങേറ്റം കുറിച്ച ​ഗില്ലിനെയും ഒരു റൺസെടുത്ത കേദാർ ജാദവിനെയും പുറത്താക്കി ഇന്ത്യയെ ബോൾട്ട് വീണ്ടും ഞെട്ടിച്ചു. അരങ്ങേറ്റം കുറിച്ച ​ഗില്ലിന് 9 റൺസ് മാത്രമാണ് എടുക്കാനായത്. 

ഇന്ത്യൻ നിരയിൽ കോഹ് ലിയുടെ പിൻ​ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മാൻ ​ഗിൽ അരങ്ങേറി. ​ഗില്ലിന് മുൻനായകൻ എംഎസ് ധോണി ഇന്ത്യൻ ക്യാപ് നൽകി. പരിക്കേറ്റ ധോണി ടീമിലില്ല. പേസ് ബൗളർ മുഹമ്മദ് ഷമിക്കും ഇന്ത്യ വിശ്രമം നൽകി. ഷമിക്ക് പകരം ഖലീൽ അഹമ്മദ് ഇന്ത്യൻ നിരയിലെത്തി.