പന്തും രാഹുലും വീണത് പോലെ ഇംഗ്ലണ്ട് ലയേണ്‍സും തകര്‍ന്നു;ഒടുവില്‍ മുള്‍മുനയില്‍ നിന്ന് വിജയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2019 03:36 PM  |  

Last Updated: 31st January 2019 03:36 PM  |   A+A-   |  

england_lions12

അവസാന ഏകദിനത്തില്‍ ഇന്ത്യ എയ്‌ക്കെതിരെ പൊരുതി ജയം പിടിച്ച് ഇംഗ്ലണ്ട് ലയേണ്‍സ്. 121 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ലയേണ്‍സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 30.3 ഓവറില്‍ വിജയ ലക്ഷ്യം മറികടന്നു. 70 റണ്‍സ് എടുത്ത് പുറത്താവാതെ നിന്ന ബെന്‍ ഡക്കറ്റാണ് ഇംഗ്ലണ്ട് ലയേണ്‍സിന് ആശ്വാസ ജയം നേടിത്തന്നത്. 

അഞ്ച് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ ഇതോടെ 4-1ന് സ്വന്തമാക്കി. അഞ്ചാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 35 ഓവറില്‍ 121 റണ്‍സിന് ഓള്‍ ഔട്ടായി. 36 റണ്‍സ് എടുത്ത എസ് ഡി ലാഡ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. കെ.എല്‍.രാഹുല്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ പന്ത് ഏഴ് റണ്‍സെടുത്ത് മടങ്ങി. 

122 വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ലയേണ്‍സിനെ അതേ നാണയത്തില്‍ ഇന്ത്യ എ തിരിച്ചടിച്ചു. ദീപക് ചഹറും, രാഹുല്‍ ചഹറും മൂന്ന് വിക്കറ്റ് വീതവും, അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റും, ഷര്‍ദുല്‍ ഒരു വിക്കറ്റും വീഴ്ത്തി ഇംഗ്ലണ്ട് ലയേണ്‍സിനെ വരിഞ്ഞു കെട്ടി. എന്നാല്‍ ഡക്കറ്റെന്റെ ചെറുത്ത് നില്‍പ്പില്‍ മുള്‍ മുനയില്‍ നിന്നും ഇംഗ്ലണ്ട് ലയേണ്‍സ് ജയം പിടിച്ചു. 

റിഷഭ് പന്ത്, രഹാനെ, രാഹുല്‍ എന്നീ താരങ്ങളുടെ പ്രകടനം ലോക കപ്പിന് മുന്‍പ് വിലയിരുത്തുക എന്ന ലക്ഷ്യവും ഇംഗ്ലണ്ട് ലയേണ്‍സിനെതിരായ പരമ്പരയില്‍ സെലക്ടര്‍മാര്‍ക്കുണ്ടായിരുന്നു. രഹാനെ പരമ്പരയിലെ ആദ്യ ഏകദിനങ്ങളില്‍ ഭേദപ്പെട്ട കളി പുറത്തെടുത്തപ്പോള്‍ കളിച്ച മൂന്ന് കളികളില്‍ മികവ് കാണിക്കാന്‍ രാഹുലിനായില്ല. പന്ത് രണ്ട് ഏകദിനം കളിച്ചപ്പോള്‍ ഒന്നില്‍ മാത്രം തിളങ്ങി.