200-ാം മൽസരത്തിന് രോഹിത് ; അരങ്ങേറ്റത്തിന് കോഹ് ലിയുടെ പിൻഗാമി ; ഇന്ത്യ-കിവീസ് നാലാം ഏകദിനം ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st January 2019 06:59 AM |
Last Updated: 31st January 2019 07:02 AM | A+A A- |

ഹാമിൾട്ടൻ: ഇന്ത്യ-ന്യൂസിലൻഡ് നാലാം ഏകദിനം ഇന്ന് നടക്കും. വിരാട് കോഹ് ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമ്മയുടെ 200-ാം മൽസരമാണിത്. ഇന്ത്യൻ നിരയിൽ കോഹ് ലിയുടെ പിൻഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മാൻ ഗിൽ അരങ്ങേറും. ഗില്ലിന് മുൻനായകൻ എംഎസ് ധോണി ഇന്ത്യൻ ക്യാപ് നൽകി. മൽസരം രാവിലെ 7.30 മുതൽ ആരംഭിക്കും.
രോഹിത്തും ധവാനും തന്നെയാകും ഓപ്പണര്‍മാരായി എത്തുക. വണ്‍ ഡൗണില്‍ ഗിൽ തന്നെ എത്തിയേക്കും. ധോണി പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ധോണിയാകും നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുക. ധോണിയെ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറക്കാനാണ് താല്പര്യമെന്ന് രോഹിത് നേരത്തെ വ്യക്തമാക്കിയിരുന്നു. ധോണി കളിച്ചില്ലെങ്കിൽ ദിനേഷ് കാർത്തിക് കീപ്പറാകും.
ബാറ്റിംഗിലും ബൗളിംഗിലും സ്ഥിരത കണ്ടെത്താനാകാത്തതാണ് കീവീസിനെ വലയ്ക്കുന്നത്. റോസ് ടെയ് ലർ, മാർട്ടിൻ ഗുപ്റ്റിൽ, കെയ്ൻ വില്യംസൺ എന്നിവർക്കൊന്നും മികവിലേക്ക് ഉയരാനാകാത്തതാണ് ന്യൂസിലണ്ടിനെ അലട്ടുന്നത്. ബൗളിംഗിലും ടീം കിതയ്ക്കുകയാണ്. ട്രെൻഡ് ബൗൾട്ട് ന്യൂബോളിൽ അപകടം വിതയ്ക്കുന്നുണ്ടെങ്കിലും മികച്ച പങ്കാളിയില്ലാത്തത് തിരിച്ചടിയാകുന്നു. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.