77 ആണോ, 92 ആണോ വലുത്; ഇന്ത്യയെ പരിഹസിച്ചെത്തിയ വോണിന്റെ വായടപ്പിച്ച് ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2019 01:04 PM  |  

Last Updated: 31st January 2019 01:04 PM  |   A+A-   |  

troll

ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ 92 റണ്‍സിന് പുറത്തായ ഇന്ത്യയെ പരിഹസിച്ചായിരുന്നു ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന്റെ വരവ്. ഈ കാലത്ത് ഏതെങ്കിലും ടീം നൂറ് റണ്‍സില്‍ താഴെ പുറത്താവുമോ എന്ന് ചോദിച്ചായിരുന്നു വോണിന്റെ ട്വിറ്റ്. പക്ഷേ വോണിന് അവിടെ പിഴച്ചു. അടപടലം വോണിനെ ഇപ്പോള്‍ ട്രോളുകയാണ് ഇന്ത്യന്‍ ആരാധകര്‍. 

വെസ്റ്റ് ഇന്‍ഡീസ് കഴിഞ്ഞ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സില്‍ 77 റണ്‍സിന് ഓള്‍ ഔട്ടാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ ആ തകര്‍ച്ചയില്‍ ചൂണ്ടി വോണിന് പൊങ്കാലയിടുകയാണ് ഇന്ത്യന്‍ ആരാധകര്‍ ഇപ്പോള്‍. ഹാമില്‍ട്ടണില്‍ ധോനിയുടേയും കോഹ് ലിയുടേയും അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് ബോള്‍ട്ടിന്റെ ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കുവാനായില്ല. 

ഏകദിനത്തിലെ ഇന്ത്യയുടെ ഏഴാമത്തെ ചെറിയ ടോട്ടലാണ് ഹാമില്‍ട്ടണില്‍ പിറന്നത്. 18 റണ്‍സ് എടുത്ത ചഹലായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ചഹലും കുല്‍ദീപും ചേര്‍ന്ന് തീര്‍ത്ത 25 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ്. 93 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കീവീസ് 14 ഓവറില്‍ വിജയ ലക്ഷ്യം കണ്ടു.