ബ്ലാസ്റ്റേഴ്‌സിന് ജയം വേണം, അതും സ്റ്റൈലായി തന്നെ വേണം; വിന്‍ഗാഡെയുടെ ചുമതല ആരാധകരെ തിരികെ കൊണ്ടുവരല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2019 05:14 PM  |  

Last Updated: 31st January 2019 05:14 PM  |   A+A-   |  

islvin

കളിക്കളത്തില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്ത് ആരാധകരെ സന്തോഷിപ്പിക്കുക എന്നത് മാത്രമാണ് ഇനി കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്. പുതിയ പരിശീലകന്‍ വിന്‍ഗാഡേയും പറയുന്നത് അത് തന്നെയാണ്. ജയിക്കുക എന്നത് മാത്രമല്ല, സ്റ്റൈലായി ജയിക്കുക എന്നതാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വയ്ക്കുന്നത് എന്ന്. 

ഡല്‍ഹി ഡൈനാമോസുമായുള്ള മത്സരത്തിന് മുന്‍പായിരുന്നു വിന്‍ഗാഡെയുടെ വാക്കുകള്‍. കഴിഞ്ഞ ഹോം മത്സരത്തില്‍ 4000 കാണികള്‍ മാത്രമായിരുന്നു എത്തിയത്. ഗ്യാലറിയിലേക്ക് തിരികെ ആരാധകരെ എത്തിക്കാന്‍ പാകത്തില്‍ തകര്‍പ്പന്‍ കളി മൈതാനത്ത് പുറത്തെടുക്കാന്‍ ടീമിനെ സജ്ജമാക്കുവാനാണ് വിന്‍ഗാഡെയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. 

ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ ആദ്യം കണ്ടപ്പോള്‍ എനിക്ക് ആശങ്കയുണ്ടായി. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍, ഐഎസ്എല്ലിന്റെ നിലവാരത്തിലേക്ക് ഉയരുവാനുള്ള കഴിവ് കളിക്കാര്‍ക്കുണ്ടെന്ന് തിരിച്ചറിഞ്ഞു. പെപ്പ് ഗാര്‍ഡിയോളയുടെ ശൈലിയാണ് എനിക്കിഷ്ടം. 500 മില്യണ്‍ ഡോളറിന്റെ ആ ശൈലി ഇവിടെ പരീക്ഷിക്കാന്‍ പറ്റില്ലല്ലോ. ആകര്‍ഷകമായ ഫുട്‌ബോള്‍ കളിക്കുകയാണ് ലക്ഷ്യം. 

ടീം ജയിക്കുമ്പോള്‍ ആരാധകര്‍ ഗ്യാലറിയിലേക്ക് മടങ്ങിയെത്തും. നല്ല ഫുട്‌ബോള്‍ കളിച്ച് ജയിക്കുമ്പോള്‍ അത് ആരാധകര്‍ക്ക് നല്‍കുന്ന ഫീല്‍ മറ്റൊന്നായിരിക്കും. ടീമിന്റെ റിസല്‍ട്ടില്‍ ഞാന്‍ തൃപ്തനല്ല. പക്ഷേ ഇവിടുത്തെ അന്തരീക്ഷമാണ് എന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിച്ചത്. 60000 കാണികളുള്ള സ്റ്റേഡിയത്തില്‍ നോര്‍മലായിരിക്കുക എന്നത് സാധ്യമല്ലെന്നും വിന്‍ഗാഡെ പറഞ്ഞു.