ഹാമില്‍ട്ടണില്‍ ഇന്ത്യയെ നിഷ്പ്രഭമാക്കി കീവീസ്, എട്ട് വിക്കറ്റ് ജയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2019 11:15 AM  |  

Last Updated: 31st January 2019 11:22 AM  |   A+A-   |  

HAMI

ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്‍ഡിന് എട്ട് വിക്കറ്റ് ജയം. അഞ്ച് ഏകദിനങ്ങളുടെ പരമ്പര നേരിത്തെ ഇന്ത്യ ജയിച്ചു കയറിയിരുന്നുവെങ്കിലും പേസ് ആക്രമണത്തിന്റെ മികവില്‍ നാലാം ഏകദിനത്തില്‍ ആശ്വാസ ജയം നേടാന്‍ ഹാമില്‍ട്ടണില്‍ കീവീസിനായി. 

ഇന്ത്യയെ ന്യൂസിലാന്‍ഡിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്‌കോറായ 92 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ന്യൂസിലാന്‍ഡ് 14.4 ഓവറില്‍ വിജയ ലക്ഷ്യം മറികടന്നു. 30 റണ്‍സ് എടുത്ത നികോള്‍സും, 37 റണ്‍സ് എടുത്ത ടെയ്‌ലറുമാണ് പരിക്കേല്‍ക്കാതെ കീവീസിനെ വേഗം വിജയലകക്ഷ്യത്തിലേക്ക് എത്തിച്ചത്. ടെയ്‌ലര്‍ 25 പന്തില്‍ നിന്നും 2 ഫോറും മൂന്ന് സിക്‌സും പറത്തി 37 റണ്‍സ് എടുത്തു. നികോള്‍സ് 42 പന്തില്‍ നിന്നും നാല് ഫോറും ഒരു സിക്‌സും പറത്തതി 30 റണ്‍സുമെടുത്ത പുറത്താവാതെ നിന്നു.

കീവീസ് ബൗളര്‍മാര്‍ക്ക് മേല്‍ കഴിഞ്ഞ ഏകദിനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്ന ചഹലിനെതിരെ നാലാം ഏകദിനത്തില്‍ കീവീസ് ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ത്തടിച്ചു. 2.4 ഓവര്‍ എറിഞ്ഞ ചഹലില്‍ നിന്നും 32 റണ്‍സാണ് ന്യൂസിലാന്‍ഡ് നേടിയത്. ആദ്യ ഓവറില്‍ തകര്‍ത്തടിച്ച് തുടങ്ങിയ ഗുപ്ടിലിനേയും, ഏഴാമത്തെ ഓവറില്‍ വില്യംസിനേയും മടക്കി ഭുവി കീവീസിന്റെ വേഗം കുറയ്ക്കാന്‍ ചെറിയ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. 

ന്യൂസിലാന്‍ഡ്‌ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സ് പറത്തിയ ഗുപ്തില്‍ പിന്നെയുള്ള രണ്ട് പന്തുകളും ബൗണ്ടറി പായിച്ചു. ഇന്നിങ്‌സിലെ ആദ്യ മൂന്ന് ഡെലിവറികളില്‍ നിന്നും 14 റണ്‍സ് നേടി തകര്‍പ്പന്‍ തുടക്കം ലക്ഷ്യമിട്ട ഗുപ്ടിലിന് ഭുവി അധികം ആയുസ് നല്‍കിയില്ല. അതേ ഓവറിലെ നാലാമത്തെ ബോളില്‍ ഭുവി, ഗുപ്ടിലിനെ ഹര്‍ദിക്കിന്റെ കൈകളില്‍ എത്തിച്ച് ആദ്യ വിക്കറ്റ് വീഴ്ത്തി. ഒരു ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സ് എന്ന നിലയിലായെങ്കിലും ഖലീല്‍ അഹ്മദിനെ സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറി കടത്തിയ നിക്കോളാസ് രണ്ടാം ഓവറിലെ അഞ്ചാമത്തെ ബോളിലും അഹ്മദിനെതിരെ ബൗണ്ടറി നേടി. 

ബൗണ്ടറികളിലൂടെ റണ്‍സ് കണ്ടെത്തി വിജയലക്ഷ്യത്തിലേക്ക് പെട്ടെന്ന് അടുക്കുകയായിരുന്നു കീവീസ് ബാറ്റ്‌സ്മാന്‍മാരുടെ ലക്ഷ്യം.  എന്നാല്‍ ഏഴാമത്തെ ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാതെ വില്യംസണിനേയും ഭുവി മടക്കി. ഇതോടെ ഏഴ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നിലയിലായി ന്യൂസിലാന്‍ഡ്  എങ്കിലും നികോള്‍സും ടെയ്‌ലറും ചേര്‍ന്ന് വിജയം ലക്ഷ്യം കടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായി. കോഹ് ലിയുടേയും ധോനിയുടേയും അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ബോള്‍ട്ടിന്റേയും ഗ്രാന്‍ഡ്‌ഹോമിന്റേയും ബോളുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കുവാനായില്ല. 

18 റണ്‍സ് നേടിയ ചഹലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 16 റണ്‍സ് എടുത്ത പാണ്ഡ്യയും 15 റണ്‍സ് എടുത്ത കുല്‍ദീപ് യാദവുമാണ് ചഹലിന് പിന്നിലുള്ള ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. വാലറ്റത്ത് ചഹലും കുല്‍ദീപും ചേര്‍ന്ന് ഇന്ത്യയുടെ ടോട്ടല്‍ നൂറ് കടത്തുവാനുള്ള ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. 25 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത്. ഇന്ത്യയുടെ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടും ഇതായിരുന്നു. ഓപ്പണിങ്ങില്‍ ധവാനും രോഹിത്തും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 21 റണ്‍സാണ് രണ്ടാമത്തെ ഉയര്‍ന്ന കൂട്ടുകെട്ട്.