ഇം​ഗ്ലീഷ് പരീക്ഷ തോറ്റു ; ലോകകപ്പിൽ ഇന്ത്യയ്ക്ക് 31 റൺസ് തോൽവി

തോറ്റെങ്കിലും ഏഴ് കളികളിൽ നിന്ന് 11 പോയിന്റുമായി ഇന്ത്യ രണ്ടാമതാണ്. ഇംഗ്ലണ്ട് 10 പോയിന്റുമായി നാലാം സ്ഥാനത്തെത്തി സെമി പ്രതീക്ഷ നിലനിർത്തി
ഇം​ഗ്ലീഷ് പരീക്ഷ തോറ്റു ; ലോകകപ്പിൽ ഇന്ത്യയ്ക്ക് 31 റൺസ് തോൽവി

ബര്‍മിങ്ഹാം: പുതിയ ജേഴ്സിയിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് ലോകകപ്പിൽ ഇം​ഗ്ലണ്ടിനോട് കാലിടറി. ആതിഥേയരോട് 31 റൺസിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ലോകകപ്പിൽ അപരാജിതരായി മുന്നേറിയ ഇന്ത്യയുടെ ആദ്യ പരാജയമാണിത്. ഇം​ഗ്ലണ്ട് മുന്നോട്ടുവെച്ച 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 

ഉപനായകൻ രോഹിത് ശർമയുടെ സെഞ്ച്വറിക്കും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. രോഹിത്  109 പന്തിൽ നിന്ന് 102 ഉം ക്യാപ്റ്റൻ കോലി 76 പന്തിൽ നിന്ന 66 ഉം റൺസെടുത്തെങ്കിലും ഇംഗ്ലീഷ് ബൗളർമാരെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് കഴിഞ്ഞില്ല. അവസാന പത്തോവറിൽ തപ്പിത്തടഞ്ഞതാണ് ഇന്ത്യയുടെ തോൽവിക്ക് വഴിവച്ചത്. ഋഷഭ് പന്ത് 32 ഉം ഹർദിക് പാണ്ഡ്യ 45ഉം റൺസെടുത്തു. ധോനി 42 ഉം കേദാർ ജാദവ് 12 ഉം റൺസെടുത്ത് പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയതീരത്തെത്തിക്കാൻ കഴിഞ്ഞില്ല.

ഇം​ഗ്ലണ്ടിന് വേണ്ടി ലിയാം പ്ലങ്കറ്റ് മൂന്നും ക്രിസ് വോക്സ് രണ്ടും വിക്കറ്റ് വീഴ്ത്തി. 1992നുശേഷം ഇതാദ്യമായാണ് ലോകകപ്പിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. തോറ്റെങ്കിലും ഏഴ് കളികളിൽ നിന്ന് 11 പോയിന്റുമായി ഇന്ത്യ രണ്ടാമതാണ്. ഇംഗ്ലണ്ട് 10 പോയിന്റുമായി നാലാം സ്ഥാനത്തെത്തി സെമി പ്രതീക്ഷ നിലനിർത്തി. അതേസമയം ഇംഗ്ലണ്ടിന്റെ വിജയം പാകിസ്ഥാന് വിനയായി. ഒൻപത് പോയിന്റുള്ള അവർ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓപ്പണർമാരുടെ കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ഓപ്പണർ ബെയർസ്റ്റോയുടെ സെഞ്ച്വറിയായിരുന്നു ഇം​ഗ്ലീഷ് ഇന്നിം​ഗ്സിന്റെ കരുത്ത്. ബെയർസ്റ്റോ 111 റൺസ് നേടി. 90 പന്തില്‍ നിന്നാണ് ബെയര്‍‌സ്റ്റോ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി സ്വന്തമാക്കിയത്. ഓപ്പണിങ് വിക്കറ്റില്‍ ജേസണ്‍ റോയിയും ബെയര്‍സ്‌റ്റോയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത് 160 റണ്‍സാണ്. 66 റണ്‍സെടുത്ത റോയിയെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.  109 പന്തില്‍ 111 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയെ മുഹമ്മദ് ഷമി പുറത്താക്കി. 10 ഓവറില്‍ താരം 69 റണ്‍സ് വഴങ്ങി ഷമി 5 വിക്കറ്റ് നേടി. ഏകദിന കരിയറില്‍ ഷമിയുടെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്. സെഞ്ചുറി നേടുകയും മികച്ച ഫീൽഡിങ് പ്രകടനം പുറത്തെടുക്കുകയും ചെയ്ത ജോണി ബെയർസ്റ്റോയാണ് മാൻ ഓഫ് ദി മാച്ച്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com