'ജയിക്കാനായി ഇങ്ങനെയാണോ കളിക്കേണ്ടത്?' ധോണിയുടെ സിംഗിള്‍ ഷോട്ടുകള്‍ക്കെതിരേ വിമര്‍ശനം രൂക്ഷം; പിന്തുണയുമായി കൊഹ് ലി

അവസാന ഓവറുകളിലെ മഹേന്ദ്ര സിങ് ധോണിയുടേയും കേദാര്‍ ജാദവിന്റേയും പ്രകടനമാണ് പരാജയത്തിന് കാരണമായത് എന്നാണ് ഉയരുന്ന വിമര്‍ശനം
'ജയിക്കാനായി ഇങ്ങനെയാണോ കളിക്കേണ്ടത്?' ധോണിയുടെ സിംഗിള്‍ ഷോട്ടുകള്‍ക്കെതിരേ വിമര്‍ശനം രൂക്ഷം; പിന്തുണയുമായി കൊഹ് ലി

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോല്‍വി. ഇംഗ്ലണ്ടിന് എതിരേയുള്ള മത്സരത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. ലോകകപ്പിലെ പരാജയം എന്നതിനപ്പുറം ഇന്ത്യയുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 306 റണ്‍സ് എടുക്കാനെ സാധിച്ചൊള്ളൂ. അവസാന ഓവറുകളിലെ മഹേന്ദ്ര സിങ് ധോണിയുടേയും കേദാര്‍ ജാദവിന്റേയും പ്രകടനമാണ് പരാജയത്തിന് കാരണമായത് എന്നാണ് ഉയരുന്ന വിമര്‍ശനം. ധോണിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍. 

അഞ്ച് വിക്കറ്റ് കൈയില്‍ വെച്ച് വലിയ അടികള്‍ക്ക് മുതിരാതെയുള്ള ധോണിയുടെ ബാറ്റിങ്ങിനെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചോദ്യം ചെയ്തു. സിംഗിള്‍ അടിച്ച് കളിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്തുവന്നാലും ബൗണ്ടറികള്‍ കണ്ടെത്താനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടിയിരുന്നത് എന്നായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. 

32 റണ്‍സെടുത്ത് ഋഷഭ് പന്തും 45 റണ്‍സെടുത്ത് ഹാര്‍ദിക് പാണ്ഡ്യയുടെ പുറത്തായതിന് ശേഷം അവസാന അഞ്ച് ഓവറില്‍ നിന്ന് 71 റണ്‍സാണ് ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഏറ്റവും മികച്ച ഫിനിഷറായി കാണുന്ന ധോണി കളി ജയിപ്പിക്കും എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ വമ്പന്‍ അടികള്‍ക്ക് മുതിരാതെ സിംഗിള്‍ അടിക്കാനാണ് ധോണി ശ്രമിച്ചത്. ധോണിയ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ രൂക്ഷമാകുന്നതിനിടെ പ്രതിരോധവുമായി ക്യാപ്റ്റന്‍ വിരാട് കൊഹ് ലി രംഗത്തെത്തി. 

ബൗണ്ടറിക്കായി ധോണി കഷ്ടപ്പെട്ട് ശ്രമിച്ചു. എന്നാല്‍ അത് ലഭിക്കുന്നുണ്ടായിരുന്നില്ല. അവന്‍ മികച്ച രീതിയിലാണ് ബോള്‍ എറിഞ്ഞതെന്നും അവസാനം ബാറ്റ് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നുമാണ് കൊഹ് ലി പറഞ്ഞത്. 

ജയിക്കാന്‍ ആവശ്യമായ റണ്‍റേറ്റ് 15 ലേക്ക് ഉയര്‍ന്നപ്പോഴും സിംഗിള്‍ അടിച്ച് കഷ്ടപ്പെടുകയായിരുന്നു ധോണി. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസ്സര്‍ ഹുസ്സൈന്‍ ഇന്ത്യയുടെ പ്രകടനത്തെ രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇന്ത്യന്‍ ഫാന്‍സ് അവസാന ഓവറിലെ കളി കണ്ട് നിരാശരായെന്നാണ് അദ്ദേഹം പറയുന്നത്. ' ഞാന്‍ അമ്പരന്നിരിക്കുകയാണ്. എന്താണ് നടക്കുന്നത്. ഇത് അല്ല ഇന്ത്യയ്ക്ക് വേണ്ടത്. റണ്‍സാണ് ആവശ്യം. ഇവര്‍ എന്താണ് ചെയ്യുന്നത്. ചില ഇന്ത്യന്‍ ആരാധകര്‍ പോവുകയാണ്. ധോണിയുടെ ഇത്തരത്തിലുള്ള ഷോട്ടുകള്‍ കാണാന്‍ ഉറപ്പായും അവര്‍ ആഗ്രഹിക്കുന്നില്ല.' മത്സരത്തിന്റെ കമന്റേറ്ററായി ഇരുന്നായിരുന്നു അദ്ദേഹം വിമര്‍ശനം ഉയര്‍ത്തിയത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജയ് മഞ്ജരേകറും ധോണിയുടെ പ്രകടനത്തെ വിമര്‍ശിച്ചു. 

ഇന്ത്യയുടെ പരാജയം ധോണിയുടെ പ്രകടനവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. വലിയ വിമര്‍ശമാണ് ധോണിയ്‌ക്കെതിരേ ഉയരുന്നത്. എന്നാല്‍ ചില എംഎസ്ഡി ആരാധകര്‍ താരത്തിന് പ്രതിരോധവുമായി എത്തുന്നുണ്ട്. ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതിയും ധോണിയ്ക്ക് പിന്തുണയുമായി എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com