പുതിയ താരങ്ങളെ പരിചയപ്പെടാം; ഒപ്പം കാണാതായ കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങളും; ശ്രദ്ധേയ ബോധവത്കരണവുമായി എഎസ് റോമ

ശ്രദ്ധേയവും ലോകത്തിന് മുഴുവന്‍ ഉപകാരപ്രദവുമായി തീര്‍ന്നേക്കാവുന്ന ഒരു പ്രവര്‍ത്തനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറ്റാലിയന്‍ സീരി എ ടീം എഎസ് റോമ
പുതിയ താരങ്ങളെ പരിചയപ്പെടാം; ഒപ്പം കാണാതായ കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങളും; ശ്രദ്ധേയ ബോധവത്കരണവുമായി എഎസ് റോമ

മിലാന്‍: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ക്ലബുകള്‍ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളിലാണ്. പുതിയ താരങ്ങളെ സ്വന്തമാക്കുന്നതടക്കമുള്ള തിരക്കുകളിലാണ് ടീമുകള്‍. താര കൈമാറ്റ വിപണി സജീവമായി നില്‍ക്കുകയാണിപ്പോള്‍. 

അതിനിടെ വളരെ ശ്രദ്ധേയവും ലോകത്തിന് മുഴുവന്‍ ഉപകാരപ്രദവുമായി തീര്‍ന്നേക്കാവുന്ന ഒരു പ്രവര്‍ത്തനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറ്റാലിയന്‍ സീരി എ ടീം എഎസ് റോമ. ടീമിലേക്ക് പുതിയതായി കളിക്കാനെത്തുന്ന താരങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്യുമ്പോള്‍ അതിനൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ കുട്ടികളെ കുറിച്ചും ഈ വീഡിയോയില്‍ വിവരങ്ങളുണ്ടാകും. കുട്ടികളുടെ ഫോട്ടോയും ഒപ്പം വിവരങ്ങള്‍ അറിയിക്കാനായി ഫോണ്‍ നമ്പറും വീഡിയോയില്‍ കൊടുക്കുന്നുണ്ട്. 

കാണാതാവുന്ന കുട്ടികളെ കണ്ടെത്താന്‍ ശ്രമിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ മിസിങ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍, ടെലിഫോണോ അസുറോ എന്നീ സംഘടനകളുമായി ചേര്‍ന്നാണ് ക്ലബിന്റെ ഈ ശ്രമം. യുവന്റസില്‍ നിന്ന് റോമയിലേക്ക് ചേക്കേറിയ ലിയനാര്‍ഡോ സ്പിന്‍സോള, നാപോളിയില്‍ നിന്ന് എത്തുന്ന അമദോ ദിവാര എന്നിവരെ പരിചയപ്പെടുത്തുന്ന വീഡിയോയില്‍ ഇത്തരത്തിലുള്ള ബോധവത്കരണം ക്ലബ് നടത്തുന്നുണ്ട്. 

ക്ലബിന്റെ സ്ട്രാറ്റജി തലവനായ പോള്‍ റോജേഴ്‌സാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കുട്ടികളെ കാണാതായത് സംബന്ധിച്ച് പലരും ഇത്തരത്തിലുള്ള ബോധവത്കരണം നടത്താറുണ്ട്. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇങ്ങനെ ബോധവത്കരണം നടത്താന്‍ തീരുമാനിച്ചതെന്ന് റോജേഴ്‌സ് പറയുന്നു. അവരുടെ ശ്രമങ്ങള്‍ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പുതിയ താരങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോകള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരം കിട്ടുന്നുണ്ട്. ഈയൊരു സാധ്യത ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് റോമ നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com