ബുംറയുടെ യോര്‍ക്കര്‍ വെടിയുണ്ടകള്‍; കടപുഴകി ബംഗ്ലാദേശ്; ഇന്ത്യ സെമിയില്‍

എട്ടു മത്സരങ്ങളില്‍ നിന്ന് 13 പോയന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം
ബുംറയുടെ യോര്‍ക്കര്‍ വെടിയുണ്ടകള്‍; കടപുഴകി ബംഗ്ലാദേശ്; ഇന്ത്യ സെമിയില്‍

ബര്‍മിങാം: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ലോകകപ്പ് സെമിയില്‍.  ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പിച്ചത്. ഇതോടെ ഓസ്‌ട്രേലിയക്ക് പിന്നാലെ സെമി ലൈനപ്പിലെത്തുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ. എട്ടു മത്സരങ്ങളില്‍ നിന്ന് 13 പോയന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം.

ഇന്ത്യ ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48 ഓവറില്‍ 286 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയെ വിറപ്പിച്ച പോരാട്ടം കാഴ്ചവെച്ചശേഷമാണ് ബംഗ്ലാദേശ് കീഴടങ്ങിയത്. അര്‍ധ സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ മുഹമ്മദ് സൈഫുദ്ദീന്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു.

തമീം ഇക്ബാല്‍ (22), സൗമ്യ സര്‍ക്കാര്‍ (33), മുഷ്ഫിഖുര്‍ റഹീം (24), ലിറ്റണ്‍ ദാസ് (22) എന്നിവര്‍ ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

ഷാക്കിബ് പുറത്തായ ശേഷം ഏഴാം വിക്കറ്റില്‍ 66 റണ്‍സ് ചേര്‍ത്ത സാബിര്‍ റഹ്മാന്‍  മുഹമ്മദ് സൈഫുദ്ദീന്‍ കൂട്ടുകെട്ട് ഇന്ത്യയെ വിറപ്പിച്ചെങ്കിലും സാബിര്‍ റഹ്മാനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. മൊസാദക് ഹുസൈന്‍ (3), മഷ്‌റഫെ മൊര്‍ത്താസ (8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ബാറ്റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും ബൗളിങ്ങില്‍ തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കിയത്. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി. നാലു വിക്കറ്റ് വീഴ്ത്തിയ ബുംറ ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തിരുന്നു. 

ഏകദിനത്തിലെ 26ാം സെഞ്ചുറി നേടിയ രോഹിത്താണ് ഇന്ത്യന്‍ ഇന്നിങ്‌സിന് ചുക്കാന്‍ പിടിച്ചത്. തുടക്കംമുതല്‍ തന്നെ ബംഗ്ലാ ബൗളര്‍മാരെ അടിച്ചു പറത്തിയ രോഹിത് 92 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഏഴു ബൗണ്ടറിയും ഉള്‍പ്പെടെ 104 റണ്‍സെടുത്താണ് മടങ്ങിയത്. സൗമ്യ സര്‍ക്കാരാണ് താരത്തെ പുറത്താക്കിയത്. ഒമ്പതു റണ്‍സില്‍ നില്‍ക്കെ രോഹിത്തിനെ പുറത്താക്കാന്‍ ബംഗ്ലാദേശിന് അവസരം ലഭിച്ചെങ്കിലും മിഡ് വിക്കറ്റില്‍ രോഹിത്തിന്റെ ക്യാച്ച് തമീം ഇഖ്ബാല്‍ നഷ്ടപ്പെടുത്തി.

സെഞ്ചുറി നേട്ടത്തോടെ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും രോഹിത് ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ നിന്ന് രോഹിത്തിന്റെ അക്കൗണ്ടില്‍ 544 റണ്‍സായി. 516 റണ്‍സുമായി ഡേവിഡ് വാര്‍ണറാണ് രണ്ടാമത്.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡും രോഹിത് മറികടന്നു. 2003 ലോകകപ്പില്‍ ഗാംഗുലി മൂന്നു സെഞ്ചുറികള്‍ നേടിയിരുന്നു. ഇതോടൊപ്പം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിനായി. 

രോഹിത്തും കെ.എല്‍ രാഹുലും ചേര്‍ന്ന ഓപ്പണിങ് സഖ്യം 180 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതാണ്. 92 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത രാഹുലിനെ റുബെല്‍ ഹുസൈന്‍ മടക്കി. എന്നാല്‍ ഇരുവരും സമ്മാനിച്ച മികച്ച തുടക്കം മുതലാക്കാന്‍ ഇത്തവണയും ഇന്ത്യന്‍ മധ്യനിരയ്ക്കായില്ല. 350 കടക്കേണ്ടിയിരുന്ന ഇന്ത്യന്‍ സ്‌കോറാണ് 315ല്‍ ഒതുങ്ങിയത്. 


അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുസ്തഫിസുര്‍ റഹ്മാനാണ് ഇന്ത്യന്‍ മധ്യനിരയെ പിടിച്ചുകെട്ടിയത്. 10 ഓവറില്‍ 59 റണ്‍സ് വഴങ്ങിയ മുസ്തഫിസുര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

കോലിയേയും (26), ഹാര്‍ദിക് പാണ്ഡ്യയേയും (0) ഒരു ഓവറില്‍ മടക്കി മുസ്തഫിസുര്‍ റഹ്മാന്‍ ഇന്ത്യന്‍ റണ്‍റേറ്റിന് കടിഞ്ഞാണിട്ടു. പിന്നീട് തകര്‍ത്തടിച്ച ഋഷഭ് പന്ത് 41 പന്തില്‍ നിന്ന് ഒരു സിക്‌സും ആറു ബൗണ്ടറിയുമടക്കം 48 റണ്‍സുമായി മടങ്ങി. ധോനിക്കും അവസാനനിമിഷം സ്‌കോര്‍ ഉയര്‍ത്താനായില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com