ന്യൂസിലന്‍ഡിനെ തരിപ്പണമാക്കി ഇംഗ്ലണ്ട്; ബെയര്‍സ്‌റ്റോയുടെ ചിറകിലേറി ആതിഥേയര്‍ സെമിയില്‍

നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 119 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമിബര്‍ത്ത് ഉറപ്പിച്ചത്
ന്യൂസിലന്‍ഡിനെ തരിപ്പണമാക്കി ഇംഗ്ലണ്ട്; ബെയര്‍സ്‌റ്റോയുടെ ചിറകിലേറി ആതിഥേയര്‍ സെമിയില്‍

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ആതിഥേയരായ ഇംഗ്ലണ്ട് സെമിയില്‍. നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 119 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമിബര്‍ത്ത് ഉറപ്പിച്ചത്. 306റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 45 ഓവറില്‍ 186 റണ്‍സിന് കൂടാരം കയറി. 57 റണ്‍സ് എടുത്ത ലാത്താം മാത്രമാണ് പിടിച്ചുനിന്നത്. ഫോമിലേയ്ക്ക് ഉയരുന്നതിന് മുന്‍പ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഉള്‍പ്പെടെ മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടതാണ് ന്യൂസിലന്‍ഡിന് വിനയായത്. ഇംഗ്ലണ്ടിന് വേണ്ടി വുഡ് മൂന്ന് വിക്കറ്റുകള്‍ നേടി.

 ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ എട്ട് വിക്കറ്റിന് 305 റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ഓപണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

 99 പന്തില്‍ നിന്ന് 15 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 106 റണ്‍സെടുത്താണ് ബെയര്‍സ്‌റ്റോ പുറത്തായത്. ഏകദിനത്തിലെ 12-ാമത്തെയും ഈ ലോകകപ്പിലെ രണ്ടാമത്തെയും സെഞ്ച്വറിയാണ് ബെയര്‍സ്‌റ്റോ ഇന്ന് സ്വന്തമാക്കിയത്. 

സഹ ഓപണര്‍ ജാസന്‍ റോയ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ ശതകം സ്വന്തമാക്കി. ഓപണിങ് വിക്കറ്റില്‍ ബെയര്‍സ്‌റ്റോ റോയ് സഖ്യം 123 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ നിര്‍ത്തിയിടത്തു നിന്ന് ഇക്കുറി തുടക്കമിട്ട റോയ് ബെയര്‍സ്‌റ്റോ സഖ്യം 18.4 ഓവറിലാണ് 123 റണ്‍സെടുത്തത്. റോയ് പുറത്തായ ശേഷം ജോ റൂട്ടിനെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിലും ബെയര്‍സ്‌റ്റോ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് (71) തീര്‍ത്തു.

ഇംഗ്ലീഷ് ഓപണര്‍മാരുടെ കടന്നാക്രമണത്തില്‍ തുടക്കം കൈവിട്ടു പോയെങ്കിലും പിന്നീട് ശക്തമായി മത്സരത്തിലേക്കു തിരിച്ചുവന്ന ന്യൂസീലന്‍ഡ് ബോളര്‍മാര്‍മാരുടെ മികവാണ് ഇംഗ്ലണ്ടിനെ 305ല്‍ തളച്ചത്. 30 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 194 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍, അവസാന 20 ഓവറില്‍ ഇംഗ്ലണ്ടിനു നേടാനായത് 111 റണ്‍സ് മാത്രമാണ്. ഏഴ് വിക്കറ്റും നഷ്ടമാക്കി.

ജാസന്‍ റോയ് 61 പന്തില്‍ എട്ട് ബൗണ്ടറി സഹിതം 60 റണ്‍സ് നേടി. ഇവര്‍ക്കു ശേഷമെത്തിയവരില്‍ കാര്യമായി തിളങ്ങാനായത് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനു മാത്രം. മോര്‍ഗന്‍ 40 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 42 റണ്‍സെടുത്തു. ജോ റൂട്ട് 25 പന്തില്‍ ഒരു ബൗണ്ടറി സഹിതം 24 റണ്‍സാണു നേടിയത്.

ജോസ് ബട്‌ലര്‍ (12 പന്തില്‍ 11), ബെന്‍ സ്‌റ്റോക്‌സ് (27 പന്തില്‍ 11), ക്രിസ് വോക്‌സ് (11 പന്തില്‍ നാല്), ആദില്‍ റഷീദ് (12 പന്തില്‍ 16) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ലിയാം പ്ലങ്കറ്റ് (12 പന്തില്‍ 15), ജോഫ്ര ആര്‍ച്ചര്‍ (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡിനായി ജിമ്മി നീഷം 10 ഓവറില്‍ 41 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മാറ്റ് ഹെന്റി, ട്രന്‍ഡ് ബോള്‍ട്ട് എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com