അവസാനലാപ്പില്‍ ഇടറി വീണ് അഫ്ഗാനിസ്ഥാന്‍; വെസ്റ്റ് ഇന്‍ഡീസിന് 23 റണ്‍സ് ജയം
By സമകാലികമലയാളം ഡെസ്‌ക് | Published: 04th July 2019 11:08 PM |
Last Updated: 04th July 2019 11:08 PM | A+A A- |

ലീഡ്‌സ്: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ 23 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെടുത്തി. 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റു ചെയ്ത അഫ്ഗാന്‍ 288 റണ്‍സിന് ഓള്‍ഔട്ടായി. ലോകകപ്പില്‍ നിന്ന് ഇരുടീമുകളും നേരത്തെ തന്നെ പുറത്തായതിനാല്‍ മത്സരഫലത്തിന് പ്രസക്തിയില്ല.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ 311 റണ്‍സാണ് നേടിയത്. 35.3 ഓവറില്‍ മൂന്നിന് 189 എന്ന ശക്തമായ നിലയില്‍ നിന്നാണ് അഫ്ഗാന്‍ തകര്‍ന്നത്. നാലു വിക്കറ്റെടുത്ത കാര്‍ലോസ് ബ്രാത്‌വെയ്റ്റും മൂന്നു വിക്കറ്റ് വീഴ്ത്തിയ കെമാര്‍ റോച്ചുമാണ് അഫ്ഗാനെ തകര്‍ത്തത്.
അഫ്ഗാനു വേണ്ടി റഹ്മത്ത് ഷാ -ഇക്രാം അലി സഖ്യം രണ്ടാം വിക്കറ്റില്‍ 133 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. റഹ്മത്ത് ഷാ 78 പന്തില്‍ നിന്ന് 62 റണ്‍സും ഇക്രാം അലി 93 പന്തുകള്‍ നേരിട്ട് 86 റണ്‍സും നേടി പുറത്തായി.
നജിബുള്ള സദ്രാന്‍ (31), അസ്ഗര്‍ അഫ്ഗാന്‍ (40) എന്നിവര്‍ മാത്രമാണ് പിന്നീട് പിടിച്ചുനിന്നത്. ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നയ്ബ് (5), മുഹമ്മദ് നബി (2), സമിയുള്ള ഷിന്‍വാരി (6), റാഷിദ് ഖാന്‍ (9) എന്നിവരെല്ലാം നിരാശപ്പെടുത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ എവിന്‍ ലൂയിസ് (58), ഷായ് ഹോപ്പ് (77), നിക്കോളാസ് പുരന്‍ (58) എന്നിവരുടെ ഇന്നിങ്‌സുകളാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.