ബെന്‍ സ്റ്റോക്കിനുള്ളത് പോലെ സ്വാതന്ത്ര്യം ധോനിക്കില്ല, ധോനിയെ പ്രതിരോധിച്ച് ഇന്ത്യന്‍ താരങ്ങള്‍ 

മെല്ലെപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ വിമര്‍ശനത്തിന് ഇരയാവുന്ന ധോനിയെ പ്രതിരോധിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ എത്തുന്നത്
ബെന്‍ സ്റ്റോക്കിനുള്ളത് പോലെ സ്വാതന്ത്ര്യം ധോനിക്കില്ല, ധോനിയെ പ്രതിരോധിച്ച് ഇന്ത്യന്‍ താരങ്ങള്‍ 

ലോകകപ്പില്‍ സെമി വരെ ഇന്ത്യ എത്തി നില്‍ക്കുമ്പോള്‍ ധോനിക്ക് നേരെയുള്ള വിമര്‍ശനങ്ങളാണ് ശക്തമാവുന്നത്. ലോകകപ്പിന് ശേഷം ധോനി വിരമിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. എന്നാല്‍, മെല്ലെപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ വിമര്‍ശനത്തിന് ഇരയാവുന്ന ധോനിയെ പ്രതിരോധിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ എത്തുന്നത്. 

ധോനിയുടെ സ്‌ട്രൈക്ക് റേറ്റിനെ വിമര്‍ശിക്കുന്നവര്‍ ഇന്ത്യയുടെ വാലറ്റം എത്ര ദുര്‍ബലമാണെന്ന് നോക്കണം എന്നാണ് ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പ്രതികരിച്ചത്. ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ നമ്മള്‍ ഇംഗ്ലണ്ടിന്റേത് പോലെയല്ല. ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ പലപ്പോഴും ധോനിക്കത് മനസില്‍ വെച്ച് കളിക്കേണ്ടി വരുന്നു. 

ബെന്‍ സ്‌റ്റോക്കിന് ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയില്‍ ഉള്ളത് പോലൊരു സ്വാതന്ത്രം ധോനിക്ക് ലഭിക്കുന്നില്ല. പത്താം സ്ഥാനത്തിറങ്ങുന്ന താരത്തിന് വരെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന കരുത്താണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയ്ക്കുള്ളത്. ബംഗ്ലാദേശിനെതിരെ ധോനി പുറത്തായതിന് പിന്നാലെ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴുന്നത് നമ്മള്‍ കണ്ടതാണെന്നും ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലെ ഒരു താരം പറഞ്ഞു. 

നമ്മുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ സാധിക്കുന്ന താരമാണ് ധോനി. പ്ലാന്‍ എ ഫലിച്ചില്ലെങ്കില്‍ നമുക്ക് പ്ലാന്‍ ബി, സി, ഡി എല്ലാം ധോനി നല്‍കും. ബംഗ്ലാദേശിനെതിരായ മത്സരം ശ്രദ്ധിച്ചാല്‍ മനസിലാവും, ബാറ്റ് ചെയ്യുന്ന പന്തിന് തുടരെ ഉപദേശങ്ങള്‍ നല്‍കുകയാണ് ധോനി. ആ പരിചയസമ്പത്ത് മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടില്ലെന്നും ടീം അംഗങ്ങളിലൊരാള്‍ പറയുന്നു. 

ധോനിയെ പോലൊരു താരം ടീമിലുള്ളത് കൊണ്ടാണ് കോഹ് ലിക്ക് ഔട്ട്ഫീല്‍ഡില്‍ സമ്മര്‍ദ്ദമില്ലാതെ ഫീല്‍ഡ് ചെയ്യാന്‍ സാധിക്കുന്നത് എന്ന് മറ്റൊരു ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു. സ്പീഡിലും വേരിയേഷനുകളിലും വരുത്തുന്ന നിര്‍ദേശമുള്‍പ്പെടെ ധോനി നല്‍കുന്നു. പകരംവയ്ക്കാനില്ലാത്തതാണ് ഇത്. ധോനി പറയുന്നു, ഞങ്ങള്‍ അനുസരിക്കുന്നു. കൃത്യമായിരിക്കും ധോനിയുടെ കണക്കു കൂട്ടലുകള്‍. ഞങ്ങളെ മാത്രമല്ല, കോഹ് ലിക്ക് പോലും ധോനി നിര്‍ദേശങ്ങള്‍ നല്‍കുന്നതായി ഇന്ത്യന്‍ താരങ്ങളിലൊരാള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com