ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാവും? ഉത്തരം നല്‍കുക രണ്ട് മത്സര ഫലങ്ങള്‍

ഇനിയുള്ള ഒരു മത്സരത്തില്‍ ജയം പിടിച്ച് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തെത്താനാവുമോ? അവസാന മത്സരം ഓസ്‌ട്രേലിയയും ജയിച്ചാലോ? 
ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാവും? ഉത്തരം നല്‍കുക രണ്ട് മത്സര ഫലങ്ങള്‍

ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ സെമി ഉറപ്പിച്ചു കഴിഞ്ഞു. ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വലിയ അത്ഭുതം പാകിസ്ഥാനില്‍ നിന്ന് ഉണ്ടായില്ലെങ്കില്‍ നാലാം സ്ഥാനത്ത് കീവീസുമെത്തും. അങ്ങനെ വരുമ്പോള്‍ സെമിയില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടി വരുന്നത് ആരെയാവും? ഇനിയുള്ള ഒരു മത്സരത്തില്‍ ജയം പിടിച്ച് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തെത്താനാവുമോ? അവസാന മത്സരം ഓസ്‌ട്രേലിയയും ജയിച്ചാലോ? 

രണ്ട് മത്സരങ്ങളാണ് സെമിയില്‍ ആരൊക്കെയാവും കൊമ്പുകോര്‍ക്കുക എന്നത് നിര്‍ണയിക്കുക. ഒന്ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരം. രണ്ടാമത്തേത് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമായ സൗത്ത് ആഫ്രിക്ക-ഓസ്‌ട്രേലിയ പോര്. പോയിന്റ് ടേബിളില്‍ നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് ജയവും ഒരു തോല്‍വിയുമായി 13 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എട്ട് കളിയില്‍ നിന്ന് ഏഴ് ജയവും ഒരു തോല്‍വിയുമായി 14 പോയിന്റോടെ ഓസീസ് ഒന്നാമതും. 

സെമിയില്‍, പോയിന്റ് ടേബിളില്‍ ഒന്നാമതുള്ള ടീം നാലാമതുള്ള ടീമിനെ നേരിടും. രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ രണ്ടാം സെമിയും. പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനം ഇംഗ്ലണ്ട് ഉറപ്പിച്ചു കഴിഞ്ഞു. നാലാം സ്ഥാനത്തേക്ക് കീവീസ് എത്തുമെന്നും വ്യക്തം. ഒന്നും രണ്ടും സ്ഥാനങ്ങളെ നിര്‍ണയിക്കാന്‍ ഇന്ത്യയ്ക്കും ഓസീസിനും ഒരു മത്സരം കൂടിയുണ്ട്. 

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് 15 ആവും. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ ജയിച്ചാല്‍ അവരുടെ പോയിന്റ് 16 ആവുകയും അവര്‍ ഒന്നാം സ്ഥാനം പിടിക്കുകയും ചെയ്യും. സൗത്ത് ആഫ്രിക്കയോട് ഓസീസ് തോല്‍ക്കുകയും ഇന്ത്യ ലങ്കയെ തോല്‍പ്പിക്കുകയും ചെയ്താല്‍ സെമിയില്‍ ഇന്ത്യ കീവീസിനെ നേരിടും. ഓസീസും ഇന്ത്യയും തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരം ജയിച്ചാല്‍ രണ്ടാം സ്ഥാനത്ത് എത്തുന്ന ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെ നേരിടണം. 

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ വഴങ്ങിയ ഒരേയൊരു തോല്‍വി ഇംഗ്ലണ്ടിനെതിരെയാണ് എന്നത് സെമിയില്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാവാന്‍ ഇടയുണ്ട്. പക്ഷേ, ഏത് സ്ഥാനത്ത് എത്തിയാലും സെമിയിലെ പോരാട്ടം കടുപ്പമായിരിക്കും എന്നതും വ്യക്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com