ഈ മനുഷ്യന്‍ വേറെ ലെവലാണ്! സെഞ്ച്വറി, റെക്കോര്‍ഡുകള്‍; സച്ചിനൊപ്പം രോഹിത്

ഒരിക്കല്‍ കൂടി സെഞ്ച്വറിയുമായി രോഹിത് ശര്‍മ കളം നിറഞ്ഞപ്പോള്‍ അതിന് തൊങ്ങല്‍ ചാര്‍ത്തി റെക്കോര്‍ഡുകളുടെ തിളക്കവും
ഈ മനുഷ്യന്‍ വേറെ ലെവലാണ്! സെഞ്ച്വറി, റെക്കോര്‍ഡുകള്‍; സച്ചിനൊപ്പം രോഹിത്

ലീഡ്‌സ്: ഒരിക്കല്‍ കൂടി സെഞ്ച്വറിയുമായി രോഹിത് ശര്‍മ കളം നിറഞ്ഞപ്പോള്‍ അതിന് തൊങ്ങല്‍ ചാര്‍ത്തി റെക്കോര്‍ഡുകളുടെ തിളക്കവും. ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ 92 പന്തില്‍ 14 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതമാണ് രോഹിത് 27ാം ഏകദിന സെഞ്ച്വറി നേടിയത്. ഈ ലോകകപ്പില്‍ രോഹിതിന്റെ അഞ്ചാം സെഞ്ച്വറി കൂടിയാണിത്. 94 പന്തില്‍ 103 റണ്‍സെടുത്ത രോഹിത് പുറത്തായി. 

ഇതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് രോഹിതിന്റെ പേരിലായി. 2015 ലോകകപ്പില്‍ നാല് സെഞ്ച്വറികള്‍ കുറിച്ച ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താനും രോഹിതിനായി. ഇരുവര്‍ക്കും ആറ് സെഞ്ച്വറികള്‍ വീതം. ഈ റെക്കോര്‍ഡും ഹിറ്റ്മാന്‍ തകര്‍ക്കാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.

ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന നേട്ടവും നിലവില്‍ രോഹിതിന് സ്വന്തമായി. 606 റണ്‍സുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിന്ന ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെയാണ് രോഹിത് പിന്തള്ളിയത്. രോഹിത് റണ്‍സ് നേട്ടം 647ല്‍ എത്തിച്ചു. ഈ ലോകകപ്പില്‍ രോഹിത് 50 പിന്നിടുന്നത് ആറാം തവണയാണ്. ഇതില്‍ അഞ്ചെണ്ണം സെഞ്ച്വറിയിലെത്തി. 

നിലവില്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തതിന്റെ റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 2003 ലോകകപ്പില്‍ നേടിയ 673 റണ്‍സാണ് റെക്കോര്‍ഡ് ബുക്കിലുള്ളത്. ഈ റെക്കോര്‍ഡ് മറികടക്കാന്‍ രോഹിതിന് 26 റണ്‍സ് കൂടി മതി. രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡനാണുള്ളത്. 2007ലെ ലോകകപ്പില്‍ ഹെയ്ഡന്‍ 659 റണ്‍സ് അടിച്ചെടുത്തിരുന്നു. 

ഓപണിങില്‍ കെഎല്‍ രാഹുലിനൊപ്പം 189 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത് പടുത്തുയര്‍ത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ഓപണിങ് സഖ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന പെരുമയും സഖ്യം സ്വന്തമാക്കി. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഓപണിങ് കൂട്ടുകെട്ടും ഇതുതന്നെ. 

2019ല്‍ ഏകദിനത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി. ഈ വര്‍ഷം 20 ഇന്നിങ്‌സുകള്‍ കളിച്ചാണ് രോഹിത് നേട്ടത്തിലെത്തിയത്. ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ എന്നിവരാണ് നേരത്തെ 2019ല്‍ 1000 റണ്‍സ് തികച്ച താരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com