പരിചയസമ്പത്തിനെ അട്ടിമറിക്കുന്ന കൗമാരക്കരുത്ത്; മാന്ത്രികത തുടര്‍ന്ന് കൊറി ഗൗഫ്; വിംബിള്‍ഡണ്‍ പ്രീ ക്വാര്‍ട്ടറില്‍

വീനസ് വില്ല്യംസിനെ അട്ടിമറിച്ച് അമ്പരപ്പിക്കുന്ന തുടക്കമിട്ട അമേരിക്കയുടെ 15കാരി താരം കൊറി ഗൗഫ് വിംബിള്‍ഡണിലെ മുന്നേറ്റം തുടരുന്നു
പരിചയസമ്പത്തിനെ അട്ടിമറിക്കുന്ന കൗമാരക്കരുത്ത്; മാന്ത്രികത തുടര്‍ന്ന് കൊറി ഗൗഫ്; വിംബിള്‍ഡണ്‍ പ്രീ ക്വാര്‍ട്ടറില്‍

ലണ്ടന്‍: വീനസ് വില്ല്യംസിനെ അട്ടിമറിച്ച് അമ്പരപ്പിക്കുന്ന തുടക്കമിട്ട അമേരിക്കയുടെ 15കാരി താരം കൊറി ഗൗഫ് വിംബിള്‍ഡണിലെ മുന്നേറ്റം തുടരുന്നു. പരിചയസമ്പന്നയായ സ്ലൊവേനിയയുടെ പൊളോന ഹെര്‍ക്കോഗിനെ മൂന്നാം റൗണ്ടില്‍ വീഴ്ത്തി താരം വിംബിള്‍ഡണ്‍ ടെന്നീസ് പോരാട്ടത്തിന്റെ പ്രീ ക്വര്‍ട്ടറിലേക്ക് മുന്നേറി. 

പരിചയസമ്പത്തിന്റെ കരുത്തില്‍ കടുത്ത വെല്ലുവിളി തീര്‍ത്ത പൊളോനയ്‌ക്കെതിരെ മികച്ച പോരാട്ടമാണ് 15കാരി പുറത്തെടുത്തത്. രണ്ട് മണിക്കൂറും 47 മിനുട്ടും നീണ്ട പോരാട്ടത്തില്‍ ഉജ്ജ്വല തിരിച്ചു വരവാണ് ഗൗഫ് നടത്തിയത്. സ്‌കോര്‍: 3-6, 7-6 (7-6), 7-5. 

ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു കൗമാര താരത്തിന്റെ തിരിച്ചുവരവ് കണ്ടത്. രണ്ടാം സെറ്റ് ടൈബ്രേക്കറിലാണ് ഗൗഫ് സ്വന്തമാക്കിയത്. 

യോഗ്യതാ റൗണ്ട് വിജയിച്ച് വിംബിള്‍ഡണ്‍ മെയ്ന്‍ ഡ്രോയ്ക്ക് യോഗ്യത നേടുന്ന ഓപണ്‍ കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് നേട്ടവുമായാണ് ഗൗഫ് വിംബിള്‍ഡണിന്റെ വിഖ്യാതമായ സെന്റര്‍ കോര്‍ട്ടിലേക്ക് കടന്നു വന്നത്. ആദ്യ പോരാട്ടത്തില്‍ തന്നെ ഇവിടെ അഞ്ച് തവണ കിരീടം നേടിയ വീനസിനെ തന്നെ അട്ടിമറിച്ചതോടെ താരം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. രണ്ടാം റൗണ്ടില്‍ പരിചയ സമ്പന്നയായ മഗ്ദലേന റൈബറിക്കോവയേയും അട്ടിമറിച്ച് മൂന്നാം റൗണ്ടിലെത്തി. ഇപ്പോള്‍ പൊളോനയെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്. സിമോണെ ഹാലെപാണ് പ്രീ ക്വാര്‍ട്ടില്‍ 15 കാരിയെ കാത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com