ലങ്കയെ പ്രഹരിച്ച് ബൂമ്രയും ജഡേജയും ഹര്‍ദിക്കും; നാല് വിക്കറ്റ് വീണു, തകര്‍പ്പന്‍ തിരിച്ചു വരവുമായി ജഡേജയുടെ ആദ്യ സ്‌പെല്‍

13 പന്തില്‍ നിന്നും മൂന്ന് റണ്‍സ് എടുത്ത് നിന്ന കുശാല്‍ മെന്‍ഡിസിനെ ജഡേജയുടെ ഡെലിവറിയില്‍ ധോനി സ്റ്റംപ് ചെയ്ത് പുറത്താക്കി
ലങ്കയെ പ്രഹരിച്ച് ബൂമ്രയും ജഡേജയും ഹര്‍ദിക്കും; നാല് വിക്കറ്റ് വീണു, തകര്‍പ്പന്‍ തിരിച്ചു വരവുമായി ജഡേജയുടെ ആദ്യ സ്‌പെല്‍

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മോശം തുടക്കം. 11 ഓവര്‍ പിന്നിട്ടപ്പോഴേക്കും ലങ്കയുടെ നാല് മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ കൂടാരം കയറി. ഓപ്പണര്‍മാര്‍ രണ്ട് പേരേയും 40 റണ്‍സിനുള്ളില്‍ മടക്കി ബൂമ്രയാണ് ലങ്കയെ പ്രഹരിച്ചു തുടങ്ങിയത്. 

പിന്നാലെ ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ വിക്കറ്റ് വീഴ്ത്താനുള്ള അവസരമായിരുന്നു രവീന്ദ്ര ജഡേജയ്ക്ക് മുന്‍പില്‍. 13 പന്തില്‍ നിന്നും മൂന്ന് റണ്‍സ് എടുത്ത് നിന്ന കുശാല്‍ മെന്‍ഡിസിനെ ജഡേജയുടെ ഡെലിവറിയില്‍ ധോനി സ്റ്റംപ് ചെയ്ത് പുറത്താക്കി. തന്റെ ആദ്യ ഓവറില്‍ തന്നെയാണ് ജഡേജ വിക്കറ്റ് നേടിയത്. ലങ്കന്‍ സ്‌കോര്‍ 53 റണ്‍സില്‍ നില്‍ക്കെയാണ് മെന്‍ഡിസ് പുറത്തായത്. ലങ്കന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയില്‍ മറ്റൊരു പ്രഹരം കൂടി അവര്‍ക്ക് നേരിടേണ്ടി വന്നു. 

21 പന്തില്‍ നിന്നും 20 റണ്‍സ് എടുത്ത് ഒരറ്റത്ത് നിലയുറപ്പിക്കാന്‍ ശ്രമിച്ച അവിഷ്‌ക ഫെര്‍ണാന്‍ഡോയെ ഹര്‍ദിക് പാണ്ഡ്യ ധോനിയുടെ കൈകളില്‍ എത്തിച്ചു. ആദ്യ സ്‌പെല്ലില്‍ നാല് ഓവര്‍ എറിഞ്ഞ ജഡേജ 9 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് എടുത്ത് ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിലെ തുടക്കം ഗംഭീരമാക്കി.  26 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക ഇപ്പോള്‍. 25 റണ്‍സുമായി തിരമന്നയും, 31 റണ്‍സുമായി എയ്ഞ്ചലോ മാത്യൂസുമാണ് പുറത്താവാതെ നില്‍ക്കുന്നത്. 

ഹെഡിങ്‌ലേയില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമാണ് ഘടകങ്ങള്‍ എന്നിരിക്കെയാണ് ലങ്കയുടെ മുന്‍ നിര വിക്കറ്റുകള്‍ ഇന്ത്യ തുടരെ വീഴ്ത്തിയത്. ഇന്ത്യ-ലങ്ക മത്സരത്തിന് മുന്‍പ് ഇവിടെ നടന്ന അഫ്ഗാന്‍-വിന്‍ഡിസ് മത്സരത്തില്‍ വിന്‍ഡിസ് മുന്നൂറിന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com