അവസാന പോരിൽ വിജയവുമായി ദക്ഷിണാഫ്രിക്ക; രണ്ടാം സ്ഥാനവുമായി ഓസ്ട്രേലിയ സെമിയിലേക്ക്

ജയ പരാജയങ്ങൾ ഏത് വശത്തേക്കും മാറാം എന്ന തോന്നലുണർത്തിയ ആവേശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം
അവസാന പോരിൽ വിജയവുമായി ദക്ഷിണാഫ്രിക്ക; രണ്ടാം സ്ഥാനവുമായി ഓസ്ട്രേലിയ സെമിയിലേക്ക്

മാഞ്ചസ്റ്റർ: ജയ പരാജയങ്ങൾ ഏത് വശത്തേക്കും മാറാം എന്ന തോന്നലുണർത്തിയ ആവേശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ 10 റണ്‍സിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക മടങ്ങി. ആ​ദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. 326 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 49.5 ഓവറില്‍ 315 റണ്‍സിന് എല്ലാവരും പുറത്തായി. 

സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറും കൂറ്റനടികളിലൂടെ അർധ സെഞ്ച്വറി നേടിയ  അലക്‌സ് കാരിയും ചേര്‍ന്ന് ഓസീസിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും കൃത്യ സമയത്ത് ഇരുവരെയും പുറത്താക്കിയ ദക്ഷിണാഫ്രിക്ക മത്സരം സ്വന്തമാക്കുകയായിരുന്നു. 
തോല്‍വിയോടെ ഓസീസ് പോയന്റ് പട്ടികയില്‍ രണ്ടാമതായി. 

വാര്‍ണര്‍ 117 പന്തില്‍ 122 റണ്‍സെടുത്തു. തകര്‍ത്തടിച്ച് ഓസീസ് പ്രതീക്ഷകള്‍ കാത്ത അലക്‌സ് കാരി 69 പന്തില്‍ നിന്ന് 85 റണ്‍സെടുത്തു. 46ാം ഓവറില്‍ കാരിയെ ക്രിസ് മോറിസ് മടക്കിയതാണ് മത്സരത്തില്‍ വഴിത്തിരിവായത്. ആരോണ്‍ ഫിഞ്ച് (മൂന്ന്), സ്റ്റീവ് സ്മിത്ത് (ഏഴ്), ഗ്ലെന്‍ മാക്‌സ്‌വെല്‍ (12), മാര്‍ക്കസ് സ്റ്റോയ്‌നിസ് (22) എന്നിവര്‍ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിന്റെ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലെത്തിയത്. 93 പന്തുകളില്‍ നിന്ന്  ഡുപ്ലസിസ് 100 തികച്ചത്. കളിയിലെ താരവും നായകൻ തന്നെ.

ഡുപ്ലെസിസും സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെ പുറത്തായ റാസി വാന്‍ ഡര്‍ ഡസനും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 200 കടത്തിയത്. സെഞ്ച്വറിയിലേക്കു കുതിച്ച ഡസന്‍ 95 റണ്‍സില്‍ വെച്ച് പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ പുറത്തായി. ക്വിന്റണ്‍ ഡികോക്ക് 51 പന്തില്‍ 52 റണ്‍സെടുത്തു. ഏയ്ഡന്‍ മാര്‍ക്രം (34), ജെപി ഡുമിനി (14), ഡ്വെയ്ന്‍ പ്രിട്ടോറിയസ് (രണ്ട്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഓസീസിനായി നതാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com