ഇന്ത്യ തോറ്റുകൊടുത്തതല്ല, ഇംഗ്ലണ്ട് അവരുടെ മികവു കൊണ്ട് ജയിച്ചതാണ്; പിന്തുണയുമായി പാകിസ്ഥാൻ നായകൻ 

പാകിസ്ഥാൻ സെമിയിലേക്കു മുന്നേറുന്നത് ഒഴിവാക്കാൻ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനോടു മനഃപൂർവം തോറ്റുകൊടുക്കുകയായിരുന്നുവെന്ന ആരോപണം സർഫ്രാസ് തള്ളി
ഇന്ത്യ തോറ്റുകൊടുത്തതല്ല, ഇംഗ്ലണ്ട് അവരുടെ മികവു കൊണ്ട് ജയിച്ചതാണ്; പിന്തുണയുമായി പാകിസ്ഥാൻ നായകൻ 

കറാച്ചി: ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് പാകിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ ഒത്തുകളിക്കുമെന്ന് മുൻ പാകിസ്ഥാൻ താരങ്ങൾ ആരോപണമുന്നയിച്ചിരുന്നു. മത്സരത്തിൽ ഇം​ഗ്ലണ്ട് വിജയിച്ചതോടെ ആരോപണങ്ങളും ശക്തമാക്കിയിരുന്നു. എന്നാൽ ഇതിനെ തള്ളി രം​ഗത്തെത്തിയിരിക്കുകയാണ് നിലവിലെ പാക് നായകൻ സർഫ്രാസ് ഖാൻ. 

പാകിസ്ഥാൻ സെമിയിലേക്കു മുന്നേറുന്നത് ഒഴിവാക്കാൻ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനോടു മനഃപൂർവം തോറ്റുകൊടുക്കുകയായിരുന്നുവെന്ന ആരോപണം സർഫ്രാസ് തള്ളി. ഇന്ത്യ തോറ്റുകൊടുത്തതല്ല, ഇംഗ്ലണ്ട് അവരുടെ മികവു കൊണ്ട് ജയിച്ചതാണെന്ന് സർഫ്രാസ് ചൂണ്ടിക്കാട്ടി. വഖാർ യൂനിസ് ഉൾപ്പെടെയുള്ള മുൻ താരങ്ങളും ഒരു വിഭാഗം പാക്കിസ്ഥാൻ ആരാധകരും ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനിടെയാണ് പിന്തുണയുമായി സർഫ്രാസിന്റെ രംഗ പ്രവേശം.

ഇംഗ്ലണ്ടിനെതിരെ വിജയം നേടാനുള്ള അവസരമുണ്ടായിട്ടും ഇന്ത്യ അതിനു ശ്രമിച്ചില്ലെന്നാണ് വിമർശകരുടെ പ്രധാന ആക്ഷേപം. എന്നാൽ സർഫ്രാസ് ഇതു തള്ളിക്കളഞ്ഞു. പാകിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ തോറ്റു കൊടുത്തുവെന്നു  താൻ കരുതുന്നില്ല. അങ്ങനെ പറയുന്നതു ശരിയല്ല. കളി ജയിക്കാനുള്ള ആഗ്രഹത്തിൽ ഇംഗ്ലണ്ട് മികച്ച പ്രകടനം നടത്തി എന്നതാണ് സത്യമെന്ന് സർഫ്രാസ് വ്യക്തമാക്കി. 

അതിനിടെ, ബംഗ്ലദേശ് താരങ്ങളെ ‘ബംഗാളി’ എന്ന പദംകൊണ്ട് അഭിസംബോധന ചെയ്ത പാക് മാധ്യമ പ്രവർത്തകയെ സർഫ്രാസ് തിരുത്തിയതും ശ്രദ്ധേയമായി. ബംഗ്ലദേശുകാരെക്കുറിച്ച് പറയാൻ ‘ബംഗാളി’ എന്ന വാക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളികൾക്കെതിരെ ഷൊയ്ബ് മാലിക്കിന് വിരമിക്കൽ മത്സരം കളിക്കാൻ എന്തുകൊണ്ട് അവസരം നൽകിയില്ല എന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ ചോദ്യം.

ആ വാക്ക് ദയവു ചെയ്ത് ഉപയോഗിക്കരുത്. അതു സാമൂഹിക മാധ്യമങ്ങളിലും മറ്റും നിങ്ങൾക്കു തന്നെ വിനയാകും. അവരെ ബംഗ്ലദേശ് എന്നുതന്നെ അഭിസംബോധന ചെയ്യാമല്ലോ. നിങ്ങൾ ഉപയോഗിക്കുന്ന ആ വാക്ക് പ്രശ്നമാണെന്നായിരുന്നു സർഫ്രാസിന്റെ തിരുത്തൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com